Celebrities

ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ആന്റണിയുടെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളിൽ കാണാം.

പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കൊപ്പം എമ്പുരാൻ ലൊക്കേഷനിൽനിന്നുളള സ്പെഷൽ ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയില്‍ വച്ചെടുത്ത ചിത്രമാണിത്.

നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി മോഹൻലാൽ എത്തിയിരുന്നു.

‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താൻ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘എന്റെ ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം. ഏറെ വർഷങ്ങൾ എനിക്കൊപ്പം സഞ്ചരിച്ച്, എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ബാലു പ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കിയത്. ആയിരത്തോളം പേജുകളുള്ള ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാകുന്ന 2025 ഡിസംബർ ഇരുപത്തിയഞ്ചിന് പുറത്തുവരും. നന്ദി’- എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.

അതേസമയം പിറന്നാൾ ആഘോഷത്തിനുശേഷം മോഹൻലാൽ വിദേശത്തേക്കു പോകുമെന്ന് റിപ്പോർട്ടുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.