മലയാള സിനിമയില്‍ തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. മലയാളികളെ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന് കൈയ്യടി നേടിയ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ആക്ഷന്‍ സിനിമയിലോ ആക്ഷന്‍ സീനിലോ ഇതുവരെയും തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്, അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബാബു ആന്റണിയുടെ വാക്കുകള്‍
”റിയല്‍ ഫൈറ്റിലെല്ലാം മത്സരിച്ചത് കൊണ്ട് എനിക്കിപ്പോള്‍ ഒന്നോ രണ്ടോ കിട്ടിയാലും അത് പ്രശ്‌നമല്ല. ആക്ഷന്‍ സീനുകളില്‍ എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്ന് നോക്കി ചെയ്യുന്ന ഒരാളാണ് ഞാന്‍. മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിച്ചത് കൊണ്ട് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുടെ ശരീരത്ത് സ്പര്‍ശിക്കാതെ ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാന്‍ കഴിയും. മൂന്നാം മുറയില്‍ ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ എന്നെ ഗ്ലാസ്സിലിട്ട് അടിക്കുന്ന സീനുണ്ട്. അങ്ങനെ കൈയും കാലുമെല്ലാം മുറിഞ്ഞിട്ടുണ്ട്. അന്നെല്ലാം അടികൊണ്ട് വീഴാന്‍ ഒരു കട്ടിയുള്ള ബെഡാണ് ഉണ്ടാകുക. അതിലേക്ക് വീണാല്‍ തന്നെ നടുവൊടിയും. എന്റെ സിനിമകളില്‍ ഒരിക്കലും രക്ത കറകള്‍ ഉണ്ടാവരുത്, സ്ത്രീകളെ ഉപദ്രവിക്കുന്ന രംഗങ്ങള്‍ ഉണ്ടാവരുതെന്നും,അശ്‌ളീല പദപ്രയോഗങ്ങള്‍ ഉണ്ടാവരുതെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ ആക്ഷന്‍ രംഗങ്ങളെ ഇപ്പോഴും പ്രേക്ഷകര്‍ സ്‌നേഹിക്കുന്നതും.”