തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന താരമായിരുന്നു അമല പോൾ. ഇന്നും മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള താരം തന്നെയാണ് അമല. മലയാള സിനിമയിലൂടെ കടന്നു വന്ന താരം തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെക്കുറിച്ചും അപ്പോൾ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചും ജെഎഫ്‌ഡബ്ല്യു ബിംഗിനു നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞെത്തിയിരിക്കുകയാണ് താരം. ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെ കടന്നു പോയപ്പോഴാണ് ഗർഭിണിയാകുന്നതെന്നും ആ അനുഭവം എനിക്ക് ഒരു ദിശാബോധം നൽകുകയും എന്നെ ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തു എന്നും അമല പറഞ്ഞു.
‘ഗർഭകാലമാണ് എന്നെ ഒരുപാട് മാറ്റിയത്. ‘ഞാൻ’ എന്ന എന്റെ മുൻഗണന മാറി. ആ ‘ഞാൻ’ എവിടെ എന്ന് പോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി. വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല. പത്തും പന്ത്രണ്ടും മണിക്കൂറും ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവന് വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ. ഞാനും ജഗത്തും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിന് ശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പ ത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ പൂർണതയിലേക്ക് എത്തിച്ചു. ഇലായ് വന്നതിന് ശേഷമാണ് ഞാൻ ക്ഷമ എന്താണെന്ന് പഠിച്ചത്.’ അമല പറഞ്ഞു. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് ജഗത്തെന്നും അമല കൂട്ടിച്ചേർത്തു. കൂടാതെ ജഗത്തിനെ ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് അടുത്തിടെ അമല പറഞ്ഞിരുന്നു. 2023ലായിരുന്നു ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയുമായുള്ള അമലയുടെ വിവാഹം. 2024 ലാണ് ദമ്പതികൾക്ക് ഒരു മകൻ പിറന്നത്.
STORY HIGHLIGHT: amala paul opens up about pregnancy