കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതി ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ്. വിജിലൻസിന്‍റെ അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത്തിന്‍റെ ഡയറിയിൽ നിന്നും നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇഡി കേസുകളിൽ പെട്ട മുപ്പതോളം പേരുടെ വിശദാംശങ്ങളും ഈ ഡയറിയിൽ ഉള്ളതായാണ് സൂചന. ഇവരിൽ നിന്നും കേസൊതുക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടോയെന്നും വിജിലൻസ് പരിശോധിച്ചു വരികയാണ്. ഈ വാർത്ത വന്നതിന് ശേഷം ഇഡിയ്ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇഡിക്കെതിരെ നിരവധി പരാതികൾ ഫോണിലൂടെയും മറ്റും ലഭിക്കുന്നുണ്ടന്ന് വിജിലൻസ് എസ് പി എസ്. ശശിധരൻ വ്യക്തമാക്കി. ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും വിജിലൻസ് എസ്‌പി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴിപ്രകാരമാണ് ഇ ഡി ഉദ്യോഗസ്ഥനെ പ്രതി ചേർത്തത്, അന്വേഷണത്തിൽ ലഭിക്കുന്ന വിവരമനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടികളുണ്ടാകുമെന്നും എസ്‌പി.
ഇടനിലക്കാര്‍ക്കെതിരെ തെളിവുകൾ ശക്തമായതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും വിജിലൻസ് എസ്.പി. ശശിധരൻ വ്യക്തമാക്കി.
കേസൊതുക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടതായി വേറെയും പരാതികൾ വിജിലൻസ് എസ് പി എസ്.ശശിധരന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ വിപുലമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥർ പ്രതികളാകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്. പരാതിക്കാരൻ അനീഷ് കുമാറിനെ ഇഡി ഉന്നത ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഇഡിയുടെ കേസൊതുക്കാൻ കൊല്ലത്തെ വ്യാപാരി അനീഷ് കുമാറിൽ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്‌ടര്‍ ശേഖർ കുമാറിനെ വിജിലൻസ് പ്രതി ചേർത്തത്. വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ അഴിമതി നിരോധ നിയമ പ്രകാരം പ്രതിചേർത്തത്.
തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
ഇഡി ഏജൻ്റുമാരെന്ന വ്യാജേനയാണ് പ്രതികൾ വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥർക്ക് നൽകാനാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതെന്നാണ് ഇവർ വ്യാപാരിയെ വിശ്വസിപ്പിച്ചത്.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിക്കെതിരെ 2024ലാണ് കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. ഇഡി ഓഫിസിൽ ഹാജരായപ്പോൾ രേഖകൾ നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇഡി ഓഫിസിലെ ഏജൻ്റാണെന്ന് പറഞ്ഞ് വിൽസൺ വ്യാപാരിയെ ബന്ധപ്പെട്ടത്.
കേസിൽ നിന്ന് ഒഴിവാക്കാൻ രണ്ട് കോടി രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് വിൽസൺ വ്യാപാരിയോട് പറഞ്ഞു. ഇത് വിശ്വസിപ്പിക്കാനായി ഇഡി ഓഫിസിൽ നിന്ന് വീണ്ടും സമൻസ് അയപ്പിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനെത്തുടർന്ന് 2025 മെയ് 14ന് വ്യാപാരിക്ക് വീണ്ടും സമൻസ് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്.
വിൽസൺ തൻ്റെ ഇഡി ബന്ധം തെളിയിക്കുന്നതിനായി ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ ഉപയോഗിച്ചതായും സൂചനയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിന് പങ്കുണ്ടെന്ന് വ്യക്തമായത്. പ്രതികൾ ആവശ്യപ്പെട്ട രണ്ട് കോടി രൂപയിൽ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ
പണമായി നൽകണമെന്ന് അവർ വ്യാപാരിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വ്യാപാരി വിജിലൻസിനെ അറിയിച്ചു. വിജിലൻസ് കെണി ഒരുക്കി പ്രതികളെ പിടികൂടാൻ തീരുമാനിച്ചു.
മെയ് 15ന് വൈകിട്ട് പനമ്പള്ളിനഗറിൽ വച്ച് ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ നൽകാമെന്ന് വ്യാപാരി വിൽസനെ അറിയിച്ചു. ഇഡി ഏജൻ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ വിൽസൺ പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി. വിൽസനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതിയായ മുരളി മുകേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥൻ കൂടി പ്രതിയായതോടെയാണ് കേസിൻ്റെ ഗൗരവം വർധിച്ചത്. കേന്ദ്ര ഏജൻസിക്കെതിരെ ലഭിച്ച ഗുരുതര സ്വഭാവമുള്ള പരാതി വിപുലമായി അന്വേഷിച്ച് പ്രതികളെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാനാണ് വിജിലൻസ് നീക്കം.