പ്രശസ്ത തമിഴ് നടൻ രവി മോഹനും (ജയം രവി) ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട നടപടികൾ ചെന്നൈ കുടുംബ ക്ഷേമ കോടതിയിൽ പുരോഗമിക്കുകയാണ്. ഒരുകാലത്ത് മാതൃകാ ദമ്പതികളായി ആഘോഷിക്കപ്പെട്ടിരുന്നവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ആഴ്ച ഇരുകക്ഷികളും കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹാജരായി. ഒരുകാരണവശാലും രമ്യതയിൽ എത്താനാകില്ലെന്നും ആരതിയിൽ നിന്നും വിവാഹമോചനം വേണമെന്ന ഉറച്ച നിലപാടിലാണ് ജയം രവിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിവാഹമോചനത്തിനുശേഷം തനിക്കു വരുന്ന സാമ്പത്തിക സഹായങ്ങൾക്കും മറ്റുമായി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന എതിർഹർജിയും ആരതി ഫയൽ ചെയ്തെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ ജയം രവിയുടെ മറുപടി കേട്ട ശേഷം കേസ് ജൂൺ 12ന് വീണ്ടും പരിഗണിക്കും. സമവായത്തിലെത്താത്തതിനാൽ, ഇരുവിഭാഗത്തിനും രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അനുരഞ്ജന – മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കേസ് കൂടുതൽ സങ്കീർണമായത്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിനു താൽപര്യം കാട്ടിയില്ല. സിറ്റിങ്ങിൽ പങ്കെടുത്തതുമില്ല. ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്.
തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം കൂടിയത്.
ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി അടുത്തിടെയാണു രവി പ്രഖ്യാപിച്ചത്. ഇതിനിടെ തന്റെ പേരും പരിഷ്കരിച്ചു. മുൻപു ജയം രവിയെന്ന് അറിയപ്പെട്ടിരുന്ന താരം തന്റെ പേര് രവി മോഹൻ എന്നാക്കി മാറ്റി. പിന്നീട് ഇരുവരും പരസ്പരം പഴിചാരി സമൂഹ മാധ്യമങ്ങളിലൂടെ പത്രക്കുറിപ്പ് ഇറക്കിയതും വിവാദമായി മാറി.