നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുകളെയും മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടയിലായിരുന്നു സംഭവം. 8 അംഗ സംഘം ചേര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കുട്ടികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.
സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുവിന്റെ വാക്കുകള്‍
”ഇന്നലെ ഒരു ഫ്രണ്ടിന്റെ പിറന്നാള്‍ ആഘോഷത്തിന് അവന്റെ വീട്ടില്‍ പോയതാ. തളിപ്പറമ്പ കോതിയുടെ പിന്‍വശത്താണ് അവന്റെ വീട്. പിറന്നാള്‍ ആഘോഷം കഴിഞ്ഞിറങ്ങിയ ശേഷം ഞങ്ങളുടെ ഒരു സുഹൃത്ത് പെട്രോള്‍ അടിക്കാന്‍ പോയി. ഇവനെ കാത്ത് ഞങ്ങള്‍ പഠിച്ച ചിന്മയ സ്‌കൂളിന് മുമ്പില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു സംഭവം ഉണ്ടായത്. ഞങ്ങള്‍ കല്ല് കൈയില്‍ വച്ച് തട്ടി കളിക്കുകയായിരുന്നു. ആ സമയം ഒരാള്‍ വന്നു എന്തിനാ ബോര്‍ഡില്‍ കല്ലെറിഞ്ഞതെന്ന് ചോദിച്ച് ചൂടായി. ഞങ്ങളും പറ്റുന്ന പോലെ പ്രതികരിച്ചു. ആ സമയം അവര്‍ ഫോണില്‍ വിളിച്ച് ആളെക്കൂട്ടി. ബൈക്കില്‍ വെറയും ആളുകള്‍ വന്നു. അവരുടെ കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലാന്‍ തുടങ്ങി. ഞങ്ങളുടെ ഷര്‍ട്ടൊക്കെ വലിച്ചു കീറി നിലത്തിട്ട് തല്ലാന്‍ തുടങ്ങി.ബ്ലീഡിങ് വരാന്‍ തുടങ്ങി.ഞാന്‍ അച്ഛനെ പെട്ടെന്ന് ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. ഞങ്ങളെ തല്ലുന്നത് കണ്ട് ആളുകള്‍ കൂടി. ഞാന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഒരാള്‍ പറഞ്ഞു സന്തോഷിന്റെ മകനല്ലേ നീ ഇവിടെ കളിക്കണ്ട, ഇത് ഞങ്ങളുടെ ഏരിയ ആണെന്ന്. പക്ഷേ എനിക്ക് അയാളെ അറിയത്തില്ല. ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്”.
സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം
”ഫോണിലൂടെ കരഞ്ഞ് പറയുകയായിരുന്നു എന്നെ അടിച്ചു. എത്രയും പെട്ടെന്ന് ഇവിടെ വരണമെന്ന്. കൂട്ടുകാരെയും അടിച്ചു. ഞാന്‍ സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ വലിയൊരു ആളക്കൂട്ടം തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതും എന്നെയും തടഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഇവരെ കാണുന്നില്ല. കുട്ടികളെ തല്ലിയ കാരണം ചോദിച്ചപ്പോള്‍ ഇവര്‍ ഒരു ഫളക്‌സ് ബോര്‍ഡിന് കല്ലെറിനുവെന്നാണ് പറഞ്ഞത്. ഞാന്‍ മുകളിലേക്ക് കയറിപോയപ്പോള്‍ മകന്റെ ദേഹത്ത് ഷര്‍ട്ടൊന്നുമില്ല. എല്ലാവരും ചോരയില്‍ കുളിച്ച് നില്‍ക്കുന്നു. ഉടന്‍ തന്നെ അവരെയും കൂട്ടി ആശുപത്രിയില്‍ പോയി. ഹെല്‍മറ്റും ഇരുമ്പ് വടിയുമൊക്കെ കൊണ്ടാണ് കുട്ടികളെ തല്ലിയത്. 4 കുട്ടികളെ തല്ലാന്‍ എത്തിയത് 50 വയസ്സ് പ്രായമുളള സംഘമാണ്. ആദ്യം വന്ന് മര്‍ദ്ദിക്കുന്നതും എന്റെ മകനെയാണ്. മര്‍ദ്ദിക്കാനുളള കാരണം ഇപ്പോഴും വ്യക്തമല്ല. പ്രദേശത്ത് മുമ്പും സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്റെ പേര് പറഞ്ഞാണ് മര്‍ദിച്ചത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒരു താവളമാണ്”.
അതേസമയം മകനെ മര്‍ദ്ദിച്ച അക്രമികളുടെ ചിത്രവും സന്തോഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്തൊരു ഭയാനകമായ രാത്രി ഉറങ്ങാന്‍ പറ്റുന്നില്ല ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓര്‍ക്കാന്‍ വയ്യ പല സന്ദര്‍ഭങ്ങളിലും എന്നെക്കാള്‍ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ…. എന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൂട്ടുകാരെയും പൊതിരെ തല്ലി. ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ ജനകൂട്ടം പേടിച്ച് വിറച്ച് കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളില്‍ വെച്ചാണ് 50 ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത കളക്ടര്‍ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോര്‍ഡിനേറ്റ് ചെയ്തത്. ആ സാംസ്‌കാരിക പരിപാടിയില്‍ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോന്‍ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നു.