Entertainment

ഐശ്വര്യ റായി കാനിൽ എത്തിയത് നെറുകയിൽ സിന്ദൂരവുമായി; താരം നൽകുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശമോ ?

മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ അതീവ സുന്ദരിയായിട്ടാണ് 2025 ലെ കാൻ ചലച്ചിത്രമേളയിൽ എത്തിയത്. വെളുത്ത സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ താരത്തിന് വൻ വരവേൽപ്പാണ് കാനിൽ ലഭിച്ചത്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നല്‍കുകയാണ് താരം ചെയ്തതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി 33 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കാനിരിക്കെയാണ് ലോകത്തിന് നിശബ്ദസന്ദേശവുമായി ഐശ്വര്യ കാനിലെത്തിയതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഐവറി നിറത്തിലുള്ള മനോഹരമായ സാരിയാണ് താരം ധരിച്ചിരുന്നത്. കദ്വ ബനാറസി ഹാന്‍ഡ്‌ലൂം സാരിയാണ് ഇത്. നെറുകയിലെ സിന്ദൂരത്തെ എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാരിയായിരുന്നു ഐശ്വര്യയുടേത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഇത്തവണത്തെ ഐശ്വര്യയുടെ ‘കാന്‍ ലുക്കി’ന് പിന്നില്‍.

അതേസമയം ഐശ്വര്യ റായ് നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന കിംവദന്തികൾക്കുള്ള പരോക്ഷ മറുപടിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. നേരത്തേ പ്രമുഖ സെലിബ്രിറ്റി വിവാഹത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച് വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്.

കാനിൽ ഐശ്വര്യ റായ് ധരിച്ചിരുന്ന ആഭരണങ്ങളും വലിയ ശ്രദ്ധ നേടി. മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. നെക്ക്‌ലേസില്‍ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമാണുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇവ കോര്‍ത്തിണക്കിയത്.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ആലേഖനം ചെയ്ത പെന്റന്റുകളുള്ള മാല ധരിച്ചുകൊണ്ട് നടിയും മോഡലുമായ രുചി ഗുജ്ജറും കാനില്‍ എത്തിയിരുന്നു. ഇത് വെറുമൊരു ആഭരണം മാത്രമല്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയോടുള്ള ആദരമാണെന്നും അവര്‍ പ്രതികരിച്ചു. പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ ഈ മാല ട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന ഒന്നായിരുന്നു.

ഇതിനൊപ്പം രാജസ്ഥാന്റെ സംസ്‌കാരത്തിന് അടുത്തുനില്‍ക്കുന്ന ഗോള്‍ഡന്‍ ലെഹങ്കയാണ് രുചി ധരിച്ചത്. സങ്കീര്‍ണമായ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ഈ ലെഹങ്കയില്‍ നിറയെ മിറര്‍ വര്‍ക്കുമുണ്ടായിരുന്നു. ഡിസൈനര്‍ രൂപ ശര്‍മയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. സര്‍ദോസി അലങ്കാരങ്ങളോട് കൂടിയ ബന്ദാനി ദുപ്പട്ടയാണ് ലെഹങ്കയെ കൂടുതല്‍ ഭംഗിയുള്ളതാക്കിയത്.

‘ലപാതാ ലേഡീസ്’ താരം നിതാന്‍ഷി ഗോയല്‍ കാനിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരങ്ങള്‍ക്ക് സമാനമായരീതിയില്‍ ആദരമര്‍പ്പിച്ചിരുന്നു. മുത്തുകള്‍ കൊണ്ട് ‘ബീ അഭിക’ ഒരുക്കിയ നിതാന്‍ഷിയുടെ ഹെയര്‍ ആക്സസറിയയില്‍ ബോളിവുഡിലെ സുവര്‍ണതാരങ്ങളായ മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്‌മാന്‍, നുതാന്‍ എന്നിവരുടെ ചെറു ഫോട്ടോഫ്രെയിമുകളായിരുന്നു ഉണ്ടായിരുന്നത്.