കുറേ നാളുകളായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും സംവിധായകന്‍ ജിതിന്‍ ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ ഏറെ കുറേ ശരിയാണെന്ന തരത്തില്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ആശിര്‍വാദ് സിനിമാസുമായി ചര്‍ച്ച നടന്നുവെന്നതിന്റെ സൂചനകളാണ് ജിതിന്‍ പങ്കുവെച്ചത്. ഇപ്പോഴിതാ അതെകുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ജിതിന്‍. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ജിതിന്റെ വാക്കുകള്‍
”മോഹന്‍ലാലിനോട് ഒരു കഥ പറഞ്ഞു. നടന്റെ ഭാഗത്ത് നിന്നുളള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഏറെ നാളായിട്ട് ആഗ്രഹിച്ച കാര്യമായിരുന്നു. ഒടുവില്‍ ലാലേട്ടനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഒരു ചര്‍ച്ച നടന്നിട്ടുണ്ട്, അതിനപ്പുറം ഒന്നും ഇപ്പോള്‍ പറയാനായിട്ടില്ല. കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ലാലേട്ടന്റെ ഭാഗത്ത് നിന്നും കൃത്യമായ ഒരു തീരുമാനം എത്തിയിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ഒരു മ്യൂസിക്ക് വീഡിയോ ചെയ്തപ്പോഴും ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് ലാലേട്ടന്റെ ശബ്ദം ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇനി റിയല്‍ ആയിട്ട് ഒന്ന് വേണമെന്ന് അവസാനം കണ്ടപ്പോള്‍ ലാലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ സംഭവിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്നായിയിരുന്നു ലാലേട്ടന്റെ മറുപടി ”.
മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണെന്ന് ജിതിന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. എആര്‍എം എന്ന സിനിമയുടെ റിലീസ് സമയത്തും മോഹന്‍ലാലിനൊടുളള ആരാധനയെ കുറിച്ച് ജിതിന്‍ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതലേ മോഹന്‍ലാലിന്റെ വലിയ ഫാനായിരുന്നു. സക്ൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഒരു സിസ്റ്റര്‍ എന്നോട് പേര് ചോദിച്ചിരുന്നു , ഞാന്‍ മോഹന്‍ലാല്‍ എന്ന മറുപടി പറഞ്ഞത്. ‘അത് ശരിയാവില്ല, അച്ഛന്റെയും അമ്മയുടെയും പേരുമായി എന്തെങ്കിലും സാമ്യം വേണം. അപ്പോള്‍ അച്ഛന്റെ ബുദ്ധിയില്‍ വന്ന പേരാണ് ജിതിന്‍ ലാല്‍. ഇന്നും ലാലേട്ടനോടുളള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ജിതിന്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂര്‍വ്വം എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.