Celebrities

വീട്ടിനുള്ളില്‍പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന് ഓർക്കുമ്പോൾ ഉൾപ്പിടച്ചിലാണ്; അശ്വതി ശ്രീകാന്ത്

കൊച്ചിയിൽ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണെന്ന് അശ്വതി ശ്രീകാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അവധിക്കാലം തീരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പോകാന്‍ ഒരിടമുള്ളതില്‍ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ? ആ വാർത്ത ആവർത്തിച്ചു പറയുന്നില്ല, ധൈര്യക്കുറവ് കൊണ്ടാണ്. വീട്ടിനുള്ളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലല്ലോ എന്നോർക്കുമ്പോൾ എന്തൊരു ഉൾപ്പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലെങ്കിൽ ആരും അറിയാതെ അവൾ എന്തിലൂടെ ഒക്കെ ജീവിച്ചു തീർത്തേനെ.

ഈയിടെ തനിക്ക് കുഞ്ഞു നാളിൽ ഉണ്ടായ ലൈംഗിക അതിക്രമത്തെ കുറിച്ച് ഒരു നടി തുറന്നു പറഞ്ഞ വാർത്ത കണ്ടു. അതിന്റെ താഴെ കണ്ടൊരു കമന്റ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ലഡു നിർബന്ധിച്ചു കഴിപ്പിച്ചാലും മധുരം തന്നെ ആണല്ലോ എന്നായിരുന്നു ആ കമന്റ്. എന്തൊരു മനോനിലയാണത്. പെർവേർട്സിന് പഞ്ഞമില്ലാത്ത നാടാണ്. പ്രതിരോധം കുറയുന്നത് കൊണ്ടും നിയന്ത്രിക്കാൻ എളുപ്പമായത് കൊണ്ടും കുഞ്ഞുങ്ങളാണ് മിക്കപ്പോഴും ഇരയാവുന്നത്.

രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്ന് പറയാമായിരുന്നു. പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാൻ വയ്യാത്ത കാലത്ത് ആരോട് പറയാൻ. കൈയിലുള്ളതിനെ ചേർത്ത് പിടിക്കുന്നു. ഈ ലോകം അത്ര നന്നല്ല കുഞ്ഞേ എന്ന് ഹൃദയ ഭാരത്തോടെ പറഞ്ഞു വയ്ക്കുന്നു.

അതേസമയം നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം.