കാഴ്‌ച്ചകളുടെ പറുദീസ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന കല്യാണതണ്ട് വ്യൂ പോയിന്‍റിനെ കുറിച്ചാണ്. നീലാകാശവും പഞ്ഞിക്കെട്ട് പോലെ തോന്നിക്കുന്ന മേഘങ്ങള്‍ പൊതിഞ്ഞ് നിൽക്കുന്ന മലനിരകളും.
അഞ്ചുരുളി തടാകത്തിൻ്റെ മനോഹരമായ ദൃശ്യവും, വീശിയടിക്കുന്ന തണുത്ത കാറ്റും കൂടിയാവുമ്പോള്‍ ദൃശ്യ വിരുന്നിന് മറ്റെന്തു വേണം?
എങ്ങനെ എത്തിച്ചേരാം?
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി മാത്രമല്ല, കാണാന്‍ വേറെയും ഏറെ കാഴ്‌ചകളുണ്ടിവിടെ. കട്ടപ്പന – ചെറുതോണി റൂട്ടിൽ നിർമലാ സിറ്റിയിൽ രണ്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ട് മലനിരകളിലെത്താൻ സാധിക്കും. അഞ്ചുരുളി താടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ ചെറുതും വലുതുമായ നിരവധി ദ്വീപുകളാണ് കാണാൻ സാധിക്കുക. ഒപ്പം ഇടതൂർന്ന വന മേഖലയും, വെള്ളം ഇറങ്ങിപ്പോയ ചെറുതുരുത്തുകളും, അതിർത്തി നിർണയിക്കുന്ന മതിൽ പോലെ നിലകൊള്ളുന്ന മലനിരകളും എല്ലാം ചേർന്ന മനോഹരമായ വിദൂരദൃശ്യമാണ് കട്ടപ്പന മുതൽ നീണ്ടു കിടക്കുന്ന മലനിരകൾ സമ്മാനിക്കുന്നത്.
ചൂട് ഏറ്റവും അധികം ബാധിക്കുന്നത് നഗരപ്രദേശങ്ങളെയാണ്. കട്ടപ്പന നഗരം ചുട്ടുപൊള്ളുമ്പോഴും തണുത്ത കാറ്റ് വീശിയടിക്കുകയാണ് കല്യാണത്തണ്ട് മലനിരകളിൽ. വേനൽ മഴ എത്തിയതോടെ പച്ചപ്പാർന്ന പുൽമേടുകളാണ് കല്യാണത്തണ്ടിനെ ഇപ്പോൾ മനോഹരമാക്കുന്നത്.
മേഘങ്ങളെ കീറി മുറിച്ച് എത്തുന്ന സൂര്യരശ്‌മികളും, ആകാശത്തെ തൊടുംപോലെ തോന്നിക്കുന്ന കുന്നുകളും, എത്തിപ്പിടിക്കാൻ തോന്നുന്ന മേഘക്കൂട്ടങ്ങളും കല്യാണതണ്ടിനേയും അഞ്ചുരുളി തടാകത്തിനേയും കൂടുതൽ സുന്ദരിയാക്കുന്നു. മൂടൽമഞ്ഞ് ഇല്ലാത്തതിനാൽ വാഗമൺ മലനിരകൾ ഉൾപ്പെടെ ഇവിടെ നിന്ന് കാണാൻ സാധിക്കും. തത്‌കാലത്തേക്ക് വേനൽ ചൂടിന് വിട നൽകി പ്രകൃതിയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ കല്യാണത്തണ്ട് പോലെ മറ്റൊരിടം കട്ടപ്പനയിലില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്.