Entertainment

‘കമല്‍ ഹാസനെവെച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് കോമഡി ചിത്രമാകും’; ജോജു ജോര്‍ജ്

തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്‍ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരട്ടയിലെ ജോജുവിന്റെ പ്രകടനത്തെ കുറിച്ചാണ് കമല്‍ഹാസന്‍ ജോജുവിനെ പ്രശംസിച്ചത്. ഇരട്ടയിലെ ജോജുവിന്റെ പ്രകടനം കണ്ടിട്ട് തന്നില്‍ അസൂയ ഉണ്ടാക്കിയെന്നും ജോജു അസാധ്യ നടനാണെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത്. ഇപ്പോഴിതാ കമല്‍ ഹാസനെവെച്ച് താന്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് കോമഡി സിനിമയാകും എന്ന് പറയുകയാണ് ജോജു.

ജോജുവിന്റെ വാക്കുകള്‍….

‘കമല്‍ സാറിനെവെച്ച് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കോമഡി ഴോണറാകും ട്രൈ ചെയ്യുക. തെനാലി പോലെ ആദ്യാവസാനം വരെ കോമഡിയുള്ള സിനിമയാകും അത്. അത്തരമൊരു സിനിമയില്‍ സാറിനെ കാണാന്‍ ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ ഇങ്ങനെ പറയുന്നത്. തെനാലി ഒക്കെ മികച്ച സിനിമയാണ്. വെറുമൊരു ആഗ്രഹമാണ് അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന്. കമല്‍ സാറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ നായകന്‍ എന്നാകും മറുപടി’.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. യു എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 45 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം.

തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.