കാൻസ് ചലിച്ചിത്രമേളയിൽ ഗുച്ചിയുടെ സാരി ധരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. താരത്തിന്റെ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു വ്യത്യസ്ത ലുക്കുകളിലാണ് ആലിയ റെഡ് കാർപെറ്റിൽ എത്തിയത്.
ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ഗുച്ചിയിൽ നിന്നുള്ള വസ്ത്രത്തിൽ ആലിയ അതിമനോഹരിയാണെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും ധരിച്ച വസ്ത്രം ഏതാണെന്ന് മനസ്സിലാവുന്നില്ല എന്ന തരത്തിൽ ധാരാളം വിമർശനങ്ങളും ഉയരുന്നുണ്ട്. മൂന്നുതരം വേഷമാണ് താരം അണിഞ്ഞത്. പ്രത്യേകമായി തയാറാക്കിയ ഷിയാപ്പരെല്ലി ഗൗൺ ആയിരുന്നു ആദ്യ വേഷം. ജിയോർജിയോ അർമേനിയയിൽ നിന്നുള്ള നേവി ബ്ലൂ ഗൗൺ ധരിച്ചാണ് രണ്ടാമതായി ആലിയ വേദിയിലെത്തിയത്. മുത്തുകളും ക്രിസ്റ്റലുകളും പതിച്ച ഈ ഗൗണും ഏറെ ശ്രദ്ധ നേടി. എന്നാൽ, മൂന്നാമത്തെ വസ്ത്രമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. ആലിയയ്ക്കു വേണ്ടി പ്രത്യേകമായി ത്രീ പീസ് വസ്ത്രമാണ് ഗുച്ചി രൂപകൽപന ചെയ്തത്. ഒറ്റനോട്ടത്തിൽ വല പോലെ തോന്നിപ്പിക്കുന്ന ഈ വസ്ത്രം ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.
സ്കിൻ ടോണുമായി ചേർന്നു നിൽക്കുന്ന ഉൾഭാഗവും സിൽവർ നിറത്തിൽ വലയുടെ ആകൃതിയിലുള്ള ഡിസൈനുമാണ് വസ്ത്രത്തിൽ ഉൾപ്പെടുത്തിയത്. ഗുച്ചി ആദ്യമായി തയാറാക്കിയ സാരി എന്നതരത്തിൽ ഈ വസ്ത്രം ധരിച്ച ആലിയയുടെ ചിത്രങ്ങൾ ഫാഷൻ പേജുകൾ പങ്കിട്ടതോടെ ഇത് എന്ത് തരം സാരി എന്നായി ചോദ്യങ്ങൾ. ഞൊറിവുകൾ ഇല്ലാത്ത തരത്തിൽ കണ്ടംപററി ശൈലിയിലാണ് സാരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വസ്ത്രം ഗുച്ചി തയാറാക്കിയിരിക്കുന്നത്. ഇറങ്ങിയ കഴുത്തുള്ള ബ്രാലറ്റ് ബ്ലൗസ്, ഹൈ വേസ്റ്റ് പാവാട, ദുപ്പട്ട എന്നിവയാണ് വസ്ത്രത്തിന്റെ ഭാഗങ്ങൾ.
ഇതിനെ സാരി എന്ന് വിളിക്കാൻ എങ്ങനെ തോന്നുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നത്. ഇത് ചോളി ലഹങ്കയാണെന്നും ആരെങ്കിലും ഗുച്ചിയെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കൂ എന്നും ചിലർ പ്രതികരിക്കുന്നു. ചലച്ചിത്ര മേളയിൽ ആലിയ ധരിച്ച മറ്റു രണ്ടു വസ്ത്രങ്ങളും നന്നായിരുന്നെങ്കിലും ഇത് ആസ്വദിക്കാനാവുന്നില്ല എന്ന് പ്രതികരിക്കുന്നവരുമുണ്ട്. അതേസമയം ‘മോണോഗ്രാം പാറ്റേണിൽ എംബ്രോയിഡറി ചെയ്ത ക്രിസ്റ്റലുകളുള്ള ഒരു കസ്റ്റം ഗൂച്ചി ഗൗൺ’ എന്നാണ് ഫാഷൻ ബ്രാൻഡ് ഈ വസ്ത്രത്തെ വിശേഷിപ്പിക്കുന്നത്.
മിനിമൽ മേക്കപ്പും ആക്സസറികളുമാണ് ഈ വസ്ത്രത്തിനൊപ്പം ആലിയ ധരിച്ചത്. വജ്ര ഇയർ റിങ്ങുകൾ, നേർത്ത ചോക്കർ നെക്ലൈസ്, കോക്ടെയിൽ റിംഗ് എന്നിവയായിരുന്നു ആഭരണങ്ങൾ. ഇളം പിങ്ക് നിറത്തിലുള്ള ലിപ് ഷെയ്സും ലളിതമായ മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.