Movie News

‘തുടരും’ ഒടിടി, ‘ഛോട്ടാ മുംബൈ’ റീ റിലീസ് തീയതികൾ…

മോഹന്‍ലാല്‍ ആരാധകര്‍ക്കായിതാ രണ്ട് കിടിലൻ വാർത്തകൾ. തീയേറ്ററില്‍ ഓട്ടം തുടരുന്ന ഒറ്റയാന്റെ ‘തുടരും’ ഒടിടി റിലീസിന്റേയും ‘ഛോട്ടാ മുംബൈ’യുടെ റീ റിലീസിന്റേയും തീയതികള്‍ പ്രഖ്യാപിച്ചു. മുൻപ് മാറ്റിവച്ച ‘ഛോട്ടാ മുംബൈ’ റീ- റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ‘തുടരും’ ഒടിടി റിലീസ് ഡേറ്റ് ജിയോഹോട്‌സ്റ്റാര്‍ മലയാളവുമാണ്‌ പുറത്തുവിട്ടത്.

മേയ് 30-ന് ‘തുടരും’ ജിയോഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരുമാസം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഏപ്രില്‍ 25-നായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.

‘തുടരും’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാലാണ് ‘ഛോട്ടാ മുംബൈ’ റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മേയ് 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ ആറാണ് പുതുക്കിയ റീ- റിലീസ് ഡേറ്റ്.

അന്‍വര്‍ റഷീദ് സംവിധാനംചെയ്ത ഛോട്ടാ മുംബൈ 2007-ല്‍ വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. റീ മാസ്‌റ്റേഡ് 4K അറ്റ്‌മോസ് പതിപ്പാണ് ജൂണ്‍ ആറിന് തീയേറ്ററുകളില്‍ എത്തുക.