Kerala

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതിക്കെതിരെ പോക്സോ കേസും

വയനാട്: വയനാട്ടിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.

വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്. പ്രതിയെയും കുട്ടിയെയും കണ്ട കാപ്പിത്തോട്ടത്തിലെ തൊഴിലാളി സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്യിൽ ആയുധവുമായി ഭീഷണി മുഴക്കിയ പ്രതിയിൽ നിന്ന് നാടകീയമായാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്.

കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.