Entertainment

‘നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം’: ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു

നടന്‍ ഉണ്ണിമുകുന്ദന്‍, മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉണ്ണിമുകുന്ദന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ രംഗത്ത്. ഉണ്ണി മുകുന്ദനെന്ന നടനെക്കാള്‍ തനിക്കിഷ്ടം അയാളിലെ വ്യക്തിയെ ആണെന്നും വന്ന വഴി മറക്കാത്ത നന്ദിയുള്ള മനുഷ്യനാണ് ഉണ്ണിയെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘എനിക്ക് ഉണ്ണിമുകുന്ദന്‍ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം. ഞാന്‍ കണ്ട സിനിമാക്കാരില്‍ വല്ല്യ കള്ളത്തരം ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യന്‍. ഒരു വിജയം വന്നാല്‍ സ്വന്തം അപ്പനോട് പോലും ‘കോന്‍ ഏ തൂ’ എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരില്‍, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യന്‍..അയാള്‍ വിജയിച്ചിരിക്കും’,

അതേസമയം നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്‍ തന്നെ മര്‍ദിച്ചെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്നാണ് വിപിന്‍ പറയുന്നത്. തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് നടന്‍ മര്‍ദിച്ചത്. തന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. പലതരം ഫ്രസ്‌ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിന്‍ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നത്. ആറ് വര്‍ഷമായി താന്‍ ഉണ്ണിയുടെ മാനേജരാണെന്നും വിപിന്‍ പറഞ്ഞു.