‘തഗ് ലൈഫ്’ സിനിമയിലെ ‘ഷുഗർ ബേബി’ എന്ന ഗാനത്തിന്റെ റിഹേഴ്സൽ വീഡിയോ ഡാൻസ് കൊറിയോഗ്രാഫർ റോഷ്നി നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ തൃഷക്ക് ആരാധകരുടെ പൊങ്കാല. ‘പ്രായമായി, നല്ല സ്റ്റെപ്പ് തൃഷ നശിപ്പിച്ചു’ എന്നിങ്ങനെയാണ് താരത്തിന്റെ വീഡിയോക്ക് വന്ന കമന്റുകൾ.
ഗാനത്തിലെ സിഗ്നേച്ചർ സ്റ്റെപ്പ് കൊറിയോഗ്രാഫർക്കൊപ്പം റിഹേഴ്സൽ ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് റോഷ്നി വീഡിയോ പങ്കുവച്ചത്. റിഹേഴ്സൽ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് തൃഷയ്ക്ക് നേരെ ഉയരുന്നത്. ‘തൃഷയ്ക്ക് പ്രായമായി, മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു’ ‘ഡാൻസ് ചെയ്യാനും അഭിനയിക്കാനും അറിയില്ല’, ‘നല്ല സ്റ്റെപ്പ് തൃഷ നശിപ്പിച്ചു’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. കൊറിയോഗ്രാഫറെ അഭിനന്ദിച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘കൊറിയോഗ്രാഫർ തൃഷയെക്കാൾ നന്നായി ഡാൻസ് കളിച്ചു’, ‘കൊറിയോഗ്രാഫറുടെ മുഖഭാവം നല്ലതാണ്, അവർ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ നന്നായെനെ’, എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.
എ.ആർ.റഹ്മാന് സംഗീതം നൽകിയ ഗാനമാണ് ‘ഷുഗർ ബേബി’. ഇംഗ്ലിഷ് റാപ്പ് ഉൾപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് അലക്സാന്ദ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവർ ചേർന്നാണ്. ഗാനത്തിലെ റാപ്പ് ഭാഗങ്ങളാണ് ശുഭ ആലപിച്ചിരിക്കുന്നത്. ശിവ ആനന്ദും എ.ആർ.റഹ്മാനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ട്രെൻഡിങ്ങിലെത്തിയ ഗാനത്തിനു മികച്ച് പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.