Entertainment

ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ്: ദുല്‍ക്കര്‍ സല്‍മാന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം;അല്ലു അര്‍ജുനും നിവേദയും മികച്ച അഭിനേതാക്കള്‍

2024 ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാഗ് അശ്വിന്‍ സംവിധാനത്തിലെത്തിയ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാന് തെലങ്കാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. ’35 ചിന്ന കഥ കാടു’ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. മൂന്നാമത്തെ മികച്ച ചിത്രമായി ലക്കി ഭാസ്‌കറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘കല്‍ക്കി 2898 എഡി’ എന്ന സിനിമയിലൂടെ നാഗ് അശ്വിന്‍ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടു.

1,248 നോമിനേഷനുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 14-ന് അവാര്‍ഡുകള്‍ സമ്മാനിക്കും. ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ്‌സ് ജൂറി ചെയര്‍പേഴ്‌സണും മുതിര്‍ന്ന നടിയുമായ ജയസുധയാണ് ഈ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നവീന്‍ നൂലി നേടിയപ്പോള്‍, മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വെങ്കി അറ്റ്‌ലൂരിയാണ്.