തെലുങ്ക് സൂപ്പർതാരം നാനി നായകനായി എത്തിയ ചിത്രമാണ് ഹിറ്റ് 3. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 120 കോടി രൂപയാണ്.
സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ എത്തിയിരിക്കുകയാണ്.
ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ ചിത്രം നൂറു കോടി ക്ലബിലെത്തിയിരുന്നു. ചിത്രം കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് നേടിയത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ഹിറ്റ് 3.
ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്ത് നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്.
ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.
ഡോക്ടർ ശൈലേഷ് കോലാനു ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.