Entertainment

ഷൺമുഖന്റെ തേരോട്ടം ഇനി അകത്തളങ്ങളിലും; തുടരും സ്ട്രീമിങ് ആരംഭിച്ചു

മലയാള സിനിമയുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ വിജയ ചിത്രം തുടരും ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം നിങ്ങൾ‌ക്ക് കാണാനാവുക. തിയറ്റര്‍ റിലീസിന്‍റെ 36-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രമായിരുന്നു ഇത്.ആദ്യ ഷോകള്‍ക്കിപ്പുറം മസ്റ്റ് വാച്ച് എന്ന് ചിത്രത്തെക്കുറിച്ച് ഒരേ സ്വരത്തില്‍ കാണികള്‍ പറഞ്ഞു. സമീപകാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അഭിപ്രായമാണ് തുടരുമിന് ലഭിച്ചത്. തിയറ്ററുകളില്‍ പിന്നീട് നടന്നത് ചരിത്രം.എമ്പുരാന് തൊട്ടുപിന്നാലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ ചിത്രമായി തുടരും മാറി. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും 50 കോടിയിലേറെ ഷെയറും നേടിയ ചിത്രവും ഇത് തന്നെയാണ്. ഒടിടി റിലീസിന് തൊട്ടുമുന്‍പുള്ള ഞായറാഴ്ചയും ചിത്രം കേരളത്തില്‍ നിന്ന് ഒരു കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു.