ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ അബദ്ധത്തിൽ ജയിൽ അധികൃതര്‍ വിട്ടയച്ചു. ഫരീദാബാദിൽ ആണ് സംഭവം ഉണ്ടായത്. ഒരേ പേരിലുള്ള രണ്ട് പ്രതികൾ ജയിലിലുണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ജയിൽ അധികൃതര്‍ അറിയിച്ചു.
2021 ഒക്ടോബറിൽ ഫരീദാബാദിലെ സെക്ടർ -58 ൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതിനാണ് 27കാരനായ നിതേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്യുന്നത്. രവീന്ദർ പാണ്ഡെ എന്നയാളുടെ മകനാണ് നിതേഷ്. ജയിലിലുള്ള മറ്റൊരു പ്രതിയുടെ പേരും നിതേഷ് എന്നാണ്. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലാണ് ഞായറാഴ്ച ഇയാൾ ഫരീദാബാദ് ജയിലിലെത്തുന്നത്. ഇയാളുടെ പിതാവിന്‍റെ പേരും രവീന്ദര്‍ എന്നാണ്. ഈ കേസിൽ നിതേഷിന് തിങ്കളാഴ്ച ഫരീദാബാദ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. “നടപടിക്രമം അനുസരിച്ച്, നിതേഷ് ജയിലിൽ നിന്നും പുറത്തിറങ്ങേണ്ടതായിരുന്നു. പക്ഷേ, പകരം, ബലാത്സംഗ പ്രതിയായ നിതേഷ് പാണ്ഡെയെ ജയിൽ അധികൃതർ മോചിപ്പിച്ചു, പിന്നീട് അയാളെ കണ്ടതേയില്ല, ” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തനിക്ക് ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തന്നെ ഇതുവരെ വിട്ടയക്കാത്തതെന്ന് നിതേഷ് ചോദിച്ചപ്പോഴാണ് ജയിൽ അധികൃതര്‍ക്ക് അബദ്ധം മനസിലാകുന്നത്. “പല തലങ്ങളിലും വീഴ്ചകൾ സംഭവിച്ചു. പാണ്ഡെയുടെ വിലാസം ബിഹാര്‍ പട്നയിലെ പാലിഗഞ്ച് ബ്ലോക്കിലെ കല്യാൺപൂർ ഗ്രാമമാണെന്നും മറ്റേയാളുടെ വിലാസം ഫരീദാബാദിലെ ശാസ്ത്രി കോളനി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നിട്ടും തിരിച്ചറിയൽ, വിലാസ പരിശോധന എന്നിവ ഒഴിവാക്കി” ഉദ്യോഗസ്ഥർ പറഞ്ഞു. പാണ്ഡെയ്ക്ക് അകത്തു നിന്ന് സഹായം ലഭിക്കാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. “ജയിൽ ജീവനക്കാർ പാണ്ഡെയുമായി രഹസ്യമായി ഇടപെട്ടിരിക്കാൻ സാധ്യതയുണ്ട്, പക്ഷേ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
2021 ഒക്ടോബര്‍ 1നാണ് പോക്സോ കേസിൽ നിതേഷ് പാണ്ഡെ അറസ്റ്റിലാകുന്നത്. 2022ൽ ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഓഫ് അഡീഷണൽ സെഷൻസ് ജഡ്ജി ജാസ്മിൻ ശർമ്മ ജാമ്യാപേക്ഷ തള്ളി.വിചാരണ നടക്കുന്ന സമയത്താണ് പാണ്ഡെ രക്ഷപ്പെടുന്നത്. പ്രതിയെഅബദ്ധത്തിൽ വിട്ടയച്ച സംഭവത്തിൽ ഇപ്പോൾ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. മോചനത്തിന് മുമ്പ് തടവുകാരുടെ ഐഡന്റിറ്റി പരിശോധിക്കാൻ ചുമതലപ്പെടുത്തിയ രണ്ട് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
















