കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് തഗ് ലൈഫ്. ഇപ്പോഴിതാ സിനിമയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത്.
തെറ്റു ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞതിന് പിന്നാലെയാണ് നിരോധനം വന്നിരിക്കുന്നത്. ”കേരളത്തെയും ആന്ധ്രയെയും കര്‍ണാടകത്തെയും ഒരുപോലെ സ്‌നേഹിക്കുന്നയാളാണ് ഞാന്‍. മുന്‍പും തനിക്ക് നേരേ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാന്‍ ഡിഎംകെ ആസ്ഥാനത്തെത്തിയത്”- കമല്‍ ഹാസന്‍ വ്യക്തമാക്കി.
ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമല്‍ഹാസന്റെ പ്രസ്താവനയിന്മേലാണ് വിവാദം. കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് കമല്‍ ഹാസന്‍ തന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ ബെംഗലൂരുവില്‍ നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. ഇത് കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്. ഇതോടെ’തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സിനിമയെ ബഹിഷ്‌കരിക്കണമെന്നും കന്നഡ ഭാഷാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തന്റെ ഭാഷയെ പുകഴ്ത്താന്‍ മറ്റൊരു ഭാഷയെ ഇകഴ്ത്തുകയാണ് കമല്‍ഹാസന്‍ ചെയ്തതെന്ന് കര്‍ണാടക ബിജെപി സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്ര വിമര്‍ശിച്ചു. കമലിന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് ബിജെപിയും രംഗത്തെത്തി. എന്നാല്‍ കരുതലോടെയാണ് ഈ വിഷയത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രതികരിച്ചത്. ഭാഷകളുടെ ഉദ്ഭവത്തെക്കുറിച്ച് പാവം കമല്‍ഹാസന് അറിവില്ലായിരിക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.