തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രേക്ഷകര്‍ സ്വീകരിച്ച പ്രണയ ചിത്രമായിരുന്നു 96. സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയും സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ സംവിധായകന് പ്രേംകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥന് നായകനായേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഇപ്പോഴിതാ സംവിധായകന് പ്രേംകുമാര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
പ്രേംകുമാര്‍ പറഞ്ഞത്…
‘ഈ അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണ്. പ്രദീപ് രംഗനാഥനെ താന്‍ സമീപിച്ചിരുന്നു. എന്നാല്‍ അത് മറ്റൊരു പ്രോജക്ടിന് വേണ്ടിയാണ്. 96 രണ്ടാം ഭാഗം അതിന്റ ആദ്യഭാഗത്തിലെ അതേ അഭിനേതാക്കളെ വെച്ച് മാത്രമേ ഒരുക്കാന്‍ കഴിയൂ. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്’
പ്രേംകുമാര്‍ സംവിധാനം ചെയ്ത് വിജയ്- സേതുപതിയും തൃഷയും അഭിനയിച്ച ചിത്രമാണ് 96. 2018 ല്‍ റിലീസ് ചെയ്ത സിനിമ ആഗോളതലത്തില്‍ 50 കോടിയിലധികം രൂപ നേടിയിരുന്നു. പ്രേംകുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഈ ചിത്രം പിന്നീട് 99 എന്ന പേരില്‍ കന്നഡയിലേക്കും ജാനു എന്ന പേരില്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.
View this post on Instagram