ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബയോപ്പിക്ക് ‘കലാം: ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’എന്ന ചിത്രത്തില്‍ ധനുഷാണ് അബ്ദുള്‍ കാലാമിന്റെ വേഷത്തില്‍ എത്തുന്നത്. ‘ഈ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ ആള്’ എന്നാണ് ചിത്രത്തിന്റെ സംവിധായകന് ഓം റൗട്ട് ധനുഷിന്റെ കാസ്റ്റിംഗിനെ വിളിക്കുന്നത്.
2025 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് തന്റെ അടുത്ത സംരംഭമായ ‘കലാം: ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകന് ഓം റൗട്ട് നടത്തിയത്. സിനിമയുടെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ചടങ്ങില്‍ കലാമിന്റെ ജീവിതം എങ്ങനെ തനിക്കു പ്രചോദനമാക്കി മാറി എന്ന അനുഭവവും സംവിധായകന് പങ്കുവെച്ചു.
ഓം റൗട്ട് പറഞ്ഞത്….
”ഡോ. കലാമിന്റെ ഉപദേശങ്ങള്‍ ഓരോ യുവാവിനെയും പ്രോചദനം നല്‍കുന്നത് തന്നെയാണ്. കോളേജ് കാലത്താണ് ഞാന്‍ അദ്ദേഹത്തിന്റെ പുസ്തകമായ ‘അഗ്നി ചിറകുകള്’ എന്ന പുസ്തകം വായിച്ചത്. അതിന്റെ ഊര്‍ജ്ജമാണ് ഇന്നലെയും ഇന്നും എന്നെ നയിക്കുന്നത്. ഇന്ന് ഞാന്‍ ഇവിടെയുണ്ടാകാന്‍ കഴിഞ്ഞത് ആ പുസ്തകമാണ്” എന്ന് ഓം പറഞ്ഞു. ഡോ. കലാമിന്റെ ജീവിതം മൂന്ന് പ്രധാന സിദ്ധാന്തങ്ങളെ ചുറ്റിപ്പറ്റിയാണ് നിലനിന്നത്്. ”ഒന്ന് വിദ്യാഭ്യാസം: ഒരു ഗുരു എന്ന നിലയിലാണ് കലാം സാറ് ജനമനസ്സില്‍ സ്ഥാനം പിടിച്ചത്. രണ്ടാമത് ഇനോവേഷന്‍: പ്രത്യേകിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിലേക്ക് വലിയ ഊന്നല്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. മൂന്നാമത് പ്രതിസന്ധികള്‍ നേരിടാനുള്ള ക്ഷമയും ദൃഢനിശ്ചയവുമാണ്. ഈ മൂന്നു ഘടകങ്ങള്‍ ചിന്തിച്ചപ്പോഴാണ് ഈ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയത്. നിര്‍മ്മാതാവായ അഭിഷേക് അഗര്‍വാള്‍ തന്നെ ഇതേ ആശയവുമായി സമീപിച്ചു. ഞാന്‍ സമാനമായൊരു ആശയത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് പറന്നു വന്ന് കൂടുതല്‍ വിശദമായി സംസാരിച്ചു. പിന്നീട് ടി-സീരീസ്, ഭൂഷണ് കുമാര്‍ എന്നിവരും അതില്‍ ചേര്‍ന്നു. ഞങ്ങള്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്”.
ധനുഷിനെ നായകനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകന് പറഞ്ഞത് …..
”ഡോ. കലാമിന്റെ കാഴ്ചപ്പാടുകളും ആത്മീയതയും അതുപോലെ അദ്ദേഹം ആ ജനതയുടെ രാഷ്ട്രപതിയായത് എങ്ങനെ എന്നതും അവതരിപ്പിക്കേണ്ടിവരും. ഒരു ബയോപ്പിക്കിന്റെ ഏറ്റവും പ്രയാസമുള്ള ഭാഗം അതാണ്. ആ ആത്മീയതയും ബൗദ്ധികതയും അവതരിപ്പിക്കാന്‍ ധനുഷിനെക്കാള്‍ അനുയോജ്യനായ മറ്റാരുമില്ല എന്ന് ഞാന്‍ കരുതുന്നു. ധനുഷിന് എന്റെ മുഴുവന്‍ ടീമിന്റെയും നന്ദി അറിയിക്കുന്നു, ഇത്തരമൊരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ അദ്ദേഹം സമ്മതിച്ചതിന്.”
‘താനാജി: ദ അണ്‍സങ് വാരിയര്‍’, ‘ലോകമാന്യ’ തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം ഓം റൗട്ട് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് കലാം. ഓം റൗട്ടിന്റെ അവസാന ചിത്രം ആദിപുരുഷ് തീയറ്ററില്‍ വന്‍ പരാജയമായിരുന്നു. ‘ദ കാശ്മീര്‍ ഫയല്‍സ്’, ‘പരമാണു’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാളാണ് സിനിമയുടെ നിര്‍മ്മാണം.