അഭിനയ മുഹൂർത്തങ്ങൾ ആഘോഷമാക്കി മഹാസാധ്യതകളിലേക്ക് മലയാള സിനിമയെ കൈപിടിച്ചു നടത്തിയ മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. തിയേറ്റർ പൂരപ്പറമ്പാക്കിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലും ഒന്നാമതായി മുന്നേറുന്നു. ചിത്രത്തിന് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ പലതിലും തുടരും അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതില്‍ നല്ലൊരു ശതമാനം അഭിപ്രായവും നേടിയിരിക്കുന്നത് മറുഭാഷാ പ്രേക്ഷകരില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ ആകർഷണം.
സമീപകാലത്തെ ഗംഭീര സിനിമയില്‍ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാള്‍, മസ്റ്റ് വാച്ച്, പ്രതീക്ഷകളൊന്നുമില്ലാതെ കാണൂ. ഒരു ഗംഭീര ചിത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്, ഇത് അഭിനയമാണെന്ന് മാത്രം പറയരുത് എന്ന് പറഞ്ഞ് ചിത്രത്തിന്റെ ക്ലിപ്പിങ്‌സും പ്രേക്ഷകർ കമന്റ്‌സിനോടൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ വില്ലൻ കഥാപാത്രമായി എത്തുന്ന പ്രകാശ് വർമ്മയുടെ അഭിനയ മികവുകളെ പറ്റിയും പ്രേക്ഷകർ വാചാലരാകുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ തിയറ്ററുകളില്‍ എത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി സ്ട്രീം ചെയ്യുന്നത്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
STORY HIGHLIGHT: thudarum malayalam movie