Entertainment

കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫിന്റെ റണ്‍ടൈം അറിയാം! ഫൈനല്‍ പതിപ്പില്‍ വിഷ്വല്‍ കട്ടുമില്ല

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. ിയേറ്റര്‍ റിലീസിന് മുമ്പ് സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ 5നാണ് തീയറ്ററില്‍ എത്തുന്നത്. 2025 മെയ് 19 നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ചിത്രത്തിന് യുഎ 16+ റേറ്റിംഗ് നല്‍കിയത്.

ഔദ്യോഗിക സിബിഎഫ്സി സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് തഗ് ലൈഫിന് 165.42 മിനിറ്റ് (ഏകദേശം 2 മണിക്കൂര്‍ 45 മിനിറ്റ്) റണ്‍ടൈം ഉണ്ട്. ചിത്രത്തിന്റെ ഫൈനല്‍ പതിപ്പില്‍ വിഷ്വല്‍ കട്ടുകള്‍ ഒന്നും തന്നെയില്ല. സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി ഡയലോഗ് ട്രാക്കിലെ രണ്ട് അസഭ്യ വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.

കമല്‍ഹാസനും മണിരത്‌നത്തിനും തഗ് ലൈഫിന് മികച്ച ഓപ്പണിംഗ് കിട്ടുമെന്നാണ് എന്റര്‍ടെയ്‌മെന്റ് സൈറ്റ് കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിവസം 35 കോടിയിലധികം കളക്ഷന്‍ നേടാനാണ് സാധ്യത എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇത്തരമൊരു തുടക്കം ലഭിച്ചാല്‍ 2025 ലെ രണ്ടാമത്തെ വലിയ ഇന്ത്യന്‍ ഓപ്പണര്‍ ആകാനുള്ള സാധ്യതയും ചിത്രത്തിനുണ്ട്.
രാജ് കമല്‍ ഫിലിംസ്, റെഡ് ജൈന്റ് ഫിലിംസ് , മദ്രാസ് ടാക്കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം 250-300 കോടി ബജറ്റിലാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കണത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.