ജന്മവാസനയ്‌ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കില്‍ പ്രഫഷണല്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പരസ്യരംഗത്തെ കുതിച്ചു ചാട്ടങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്‌സൈറ്റ് രൂപകല്‍പനയിലെ നൂതന വെല്ലുവിളികള്‍, മള്‍ട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകള്‍ എന്നിവയൊക്കെ ചേര്‍ന്ന് വിഷ്വല്‍ ആര്‍ട്‌സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.
ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന്തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്. എന്നാല്‍ അതിനപ്പുറമുളള വാണിജ്യമാനങ്ങള്‍ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകള്‍ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്‌സ്. ആനിമേഷന്‍ രംഗത്തും ഇത്തരക്കാര്‍ക്ക് ശോഭിക്കാം.
ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്‌കാരിക അന്തരീക്ഷത്തില്‍ കൃത്യമായി ഉപയോഗിക്കാന്‍ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി. കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.
തൊഴിലവസരങ്ങള്‍
അനിമേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആര്‍ട്ട് കണ്‍സള്‍ട്ടന്‍സി വരെ സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ അനവധിയാണ്. സ്വയംസംരംഭങ്ങള്‍ തുടങ്ങാനുളള സാധ്യതകള്‍ പോലുമുണ്ട് ഇതില്‍. മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉള്‍ക്കൊളളാനും കഴിവുണ്ടെങ്കില്‍ മാര്‍ക്കറ്റിംഗിലും ഒരു കൈനോക്കാം. വിപണി കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗപ്പെടുത്താം.
ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ബ്രാന്‍ഡിംഗ് ഓഫീസര്‍, അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്, ഇല്ലസ്‌ട്രേറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ്, ആര്‍ട്ട് ഡീലര്‍ എന്നിങ്ങനെ പുതിയ ലോകത്തില്‍ ധാരാളം പുതിയ കരിയറുകള്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റര്‍, വീഡിയോപ്രൊഡഷന്‍, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ചവര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്.
സംസ്‌കൃതസര്‍വ്വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് പഠിക്കാം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി. എഫ്. എ.) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്.
പ്രവേശനം എങ്ങനെ?
പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്‌കള്‍പ്ചര്‍ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. പ്ലസ് ടു / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂണ്‍ ഒന്നിന് 22 വയസ്സാണ്. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2699731.