Entertainment

ഒരു സിനിമയ്ക്കായി തടി കൂട്ടിയപ്പോള്‍, ആമിര്‍ ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞവരുണ്ട് ഇന്‍ഡിസ്ട്രിയില്‍; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്‍

ബോളിവുഡില്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. ഓരോ സിനിമകള്‍ക്കായും നടന്‍ പല തരത്തിലുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താറുണ്ട്. അവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. ഇപ്പോഴിതാ ദംഗല്‍ എന്ന സിനിമയ്ക്കായി തടി വച്ചപ്പോള്‍ ഇന്‍ഡിസ്ട്രിയില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ആമിര്‍ ഖാന്‍. രാജ് ശമാനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആമിര്‍ ഖാന്റെ പ്രതികരണം.

ആമിര്‍ ഖാന്റെ വാക്കുകള്‍…..

”’ദംഗല്‍’ എന്ന സിനിമയ്ക്കായി തടി കൂട്ടിയപ്പോള്‍ ഇനി തനിക്ക് തിരിച്ചുവരന്‍ സാധിക്കില്ലെന്നായിരുന്നു സിനിമയ്ക്കുള്ളില്‍ ഉള്ളവര്‍ വരെ പ്രതികരിച്ചതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഞാന്‍ എന്റെയുള്ളിലെ തോന്നലിനെ പിന്തുടര്‍ന്ന് ചെയ്ത സിനിമയാണ് ‘ലഗാന്‍’. ആ സിനിമ ചെയ്തപ്പോള്‍ എന്നെയൊരു മണ്ടനെന്ന് കരുതിയവര്‍ വരെയുണ്ട്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ആര് കാണാനെന്നാണ് അവര്‍ കരുതിയത്. ‘താരേ സമീന്‍ പര്‍’, ‘ദംഗല്‍’ തുടങ്ങിയ പ്രോജക്റ്റുകളെല്ലാം എന്റെ തീരുമാനങ്ങളായിരുന്നു. ഞാന്‍ ദംഗല്‍ എന്ന സിനിമയ്ക്കായി തടി കൂട്ടിയപ്പോള്‍ വിചിത്രമായ പ്രതികരണങ്ങളായിരുന്നു എനിക്ക് ഇന്‍ഡിസ്ട്രിയില്‍ നിന്ന് ലഭിച്ചത്. ‘ആമിര്‍ ഖാന്‍ ഗയാ, അദ്ദേഹത്തിന് ഇനി തിരിച്ചുവരവ് നടത്താന്‍ കഴിയില്ല’, എന്നായിരുന്നു അവരുടെ പ്രതികരണങ്ങള്‍. ഞാന്‍ നിരവധി തവണ റിസ്‌ക് എടുത്തിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം എനിക്ക് ഭാഗ്യമായി തന്നെ മാറിയിട്ടുണ്ട്”.

2016 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ദംഗല്‍’. ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണത്. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഗട്ടിന്റെയും ,അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് ‘ദംഗല്‍’.

ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം വെറും 70 കോടി മുതല്‍ മുടക്കില്‍ ഒരുക്കി 2000 കോടിയിലേറെയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നിതീഷ് തിവാരിയാണ്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ഖ്, സാനിയ മല്‍ഹോത്ര, അപര്‍ശക്തി ഖുറാന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.