മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. സിനിമയിൽ കുറച്ചു സീനിൽ മാത്രം വന്നുപോയൊരാളാണ് സംഗീത് പ്രതാപ്. വന്ന സീൻ എല്ലാം സംഗീത് നല്ല വൃത്തിക്ക് ചെയ്തുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഔട്ട് ഓഫ് ഫോക്കസ് ഷോട്ട് ആണ്. ഇത് കണ്ടെത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മേഘ്ന രവീന്ദ്രൻ എന്ന പ്രേക്ഷക ആണ്.
തിയറ്ററിൽ പ്രേക്ഷകർ കാണാതെ പോയ സംഗീതിന്റെ അഭിനയമികവ് ഇപ്പോൾ വൈറൽ ആണ്. തന്റെ കൂട്ടുകാരന്റെ മൃതദേഹം കൊണ്ടുവരുമ്പോഴുളള താരത്തിന്റെ പെർഫോമൻസിനെക്കുറിച്ചാണ് മേഘ്ന ഒരു കുറിപ്പായി എഴുതിയിരിക്കുന്നത്. മേഘ്നയുടെ കുറിപ്പിനു നന്ദി പറഞ്ഞ് സംഗീതും എത്തി.
മേഘ്ന രവീന്ദ്രന്റെ കുറിപ്പ് വായിക്കാം:
‘‘സംഗീത് പ്രതാപ് അഥവാ അമൽ ഡേവിസ്. പത്തോ പതിനഞ്ചോ സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള ഒരു ഷോട്ട്. ശോഭനയും മണിയൻ പിള്ള രാജുവും ഇർഷാദും ആർഷ ബൈജുവും ഒക്കെ മെയിൻ ഫോക്കസിൽ വരുന്ന സീൻ. പക്ഷേ എന്റെ കണ്ണ് പോയത് ദാ ആ ഔട്ട് ഓഫ് ഫോക്കസിൽ നിൽക്കുന്ന സംഗീതിലേക്കാണ്. ആദ്യത്തെ തിയറ്റർ കാഴ്ചയിലും ഇപ്പോൾ ഒടിടിയിൽ വന്നപ്പോഴും ആദ്യം ശ്രദ്ധ പോയത് അയാളിലേക്കാണ്..!!
ശരിക്കും ഉള്ള് തട്ട് കരഞ്ഞു എന്ന് തന്നെ പറയാം. അത്രയ്ക്ക് ഒറിജിനാലിറ്റി, പെർഫെക്ഷൻ. ശോഭനയും മണിയൻ പിള്ള രാജുവും ഇർഷാദും ഒക്കെ ഉള്ള ഒരു സീനിൽ പുതിയ നടൻ ആയ നിങ്ങളിലേക്ക് ഒരു പ്രേക്ഷകന്റെ ശ്രദ്ധ പോയി എങ്കിൽ നിങ്ങൾക്ക് ചില്ലറ കഴിവ് പോരാ..!!
ശരിക്കും ആ ഒരു മരണ വീട്ടിലെ സാഹചര്യം നിങ്ങളിലെ ഒറ്റ ഒരാളുടെ പെർഫോമൻസ് കൊണ്ട് പ്രേക്ഷക ആയ എനിക്ക് കണക്ട് ആയി. എത്ര മാത്രം നഷ്ടം ആ അമ്മയ്ക്കും കുടുംബത്തിനും ഉണ്ടായി എന്നതും മനസ്സിലാക്കാൻ നിങ്ങളുടെ ഒരാളുടെ ഭാവം കൊണ്ട് സാധിച്ചു. കോമഡി മാത്രം ആയി ഒതുങ്ങേണ്ട നടൻ അല്ല നിങ്ങൾ, അന്യായ കഴിവ് ഉണ്ട്..!!
ഈ ഒരൊറ്റ സീനിലെ പെർഫോമൻസ് മാത്രം മതി അത് തെളിയിക്കാൻ.ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ. അഭിനന്ദങ്ങൾ.’’