Entertainment

3 കോടി രൂപ ബഡ്ജറ്റ്, 95 ദിവസത്തെ ഷൂട്ട്: സൂപ്പര്‍ ഹിറ്റായ ദിലീപ് ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

സംവിധായകനെന്നതില്‍ മാത്രമല്ല അഭിനേതാവെന്ന നിലയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുളള വ്യക്തിയാണ് ജോണ് ആന്റണി. സിഐഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി ഹിറ്റ് കോമഡി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായകനായി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ജോണി ആന്റണി തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയുണ്ട്, സി ഐ ഡി മൂസ 2. ചിത്രം വരുന്നുണ്ടെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും ഷൂട്ടിംഗ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തില്‍ മൂസയുടെ ബജറ്റിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണിയുടെ വെളിപ്പെടുത്തല്‍.

ജോണി ആന്റണി പറഞ്ഞത്…..

‘അന്നത്തെ കാലത്ത് സിഐഡി മൂസ 3 കോടി ബജറ്റിലാണ് ചെയ്തത്. കൊച്ചി രാജാവ് അത്രയും ആയില്ല. പട്ടണത്തില്‍ ഭൂതം ആറ് കോടിക്കാണ് ചെയ്തത്. അതാണ് ഏറ്റവും കൂടുതല്‍ ബജറ്റ് വന്ന സിനിമ. മാസ്റ്റേഴ്‌സ് അഞ്ച് കോടിയില്‍ നിന്നു. ഞാന്‍ ഉറപ്പിച്ച് പറയാം, ഇന്ന് 100 കോടി എങ്കിലും മൂസക്കാകും. ആ സിനിമയുടെ ഫൂട്ടേജുകള്‍ ആലോചിച്ച് നോക്കണം. അത്രയും ഫൂട്ടേജ്, അത്രയും വര്‍ക്കുകള്‍ ചെയ്യാനെടുത്ത് 95 ദിവസമാണ്. ഇന്നൊരു ചെറിയ പടത്തിന് ആവും 95 ദിവസം. ദൈവം കൂടെ നിന്ന പടമാണ് മൂസ. നമ്മളൊന്നും അല്ല അതിലൊരു വലിയ ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ട്’,

ആദ്യഭാഗം എങ്ങനെ തുടങ്ങിയോ, ആ ഊര്‍ജ്ജത്തില്‍ ഒന്നിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ മൂസ 2 സംഭവിക്കുമെന്നും അതിന് വേണ്ടി കഴിവിന്റെ പരമാവധി താന്‍ ശ്രമിക്കുമെന്നും ജോണി ആന്റണി നേരത്തെ പറഞ്ഞിരുന്നു. 2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് ദിലീപ് നായകനായി എത്തിയ സിഐഡി മൂസ. ഭാവന,ഹരിശ്രീ അശോകന്‍,സലീം കുമാര്‍,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഗ്രാന്റ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.