ടാൻസാനിയൻ താരം കിലി പോളിന് ഇന്ത്യൻ ഹൈക്കമ്മിഷന്റെ ആദരം. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ഇദ്ദേഹത്തിന് ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ബിശ്വദീവ് ദേയ് ആണ് പുരസ്കാരം നൽകി ആദരിച്ചത്.
സഹോദരി നീന പോളിനൊപ്പമാണ് കിലി പോൾ അവർഡ് ഏറ്റുവാങ്ങിയത്. ‘ഇന്ത്യയിലേക്ക് നല്ലൊരു യാത്രയായിരുന്നു. ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ എന്നെ സ്വീകരിച്ചു. അവാർഡിന് വളരെ നന്ദി’ എന്ന അടിക്കുറിപ്പോടെ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ കിലി പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പമുള്ള ‘ഏ വതൻ’ എന്ന ഗാനത്തിന്റെ ലിപ് സിങ്ക് വിഡിയോയും കിലി പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിനു വലിയ സ്വീകരണമാണ് ഇന്ത്യയിൽ നിന്നും ടാൻസാനിയയിൽ നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് കിലി പോളിന് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. സമൂഹമാധ്യമം എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ തെളിവാണ് കിലി പോൾ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റിമി ടോമി ഉൾപ്പെടെയുള്ള പ്രമുഖർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.