മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. മോഹന്‍ലാലിന് പുറമെ സിനിമയില്‍ ശോഭന, ബിനു, പ്രകാശ് വര്‍മ എന്നിങ്ങനെ വന്‍താരനിര തന്നെ ഉണ്ടായിരുന്നു.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് തരുൺ മൂർത്തി. മോഹൻലാലിനെ കൊണ്ട് ഒരു ആക്ഷന്‍ സീനെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് ആ രംഗം ചെയ്യാൻ അദ്ദേഹം സമ്മതിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ലാലേട്ടന്‍ ഒരുത്തനെ ഫാന്‍ എടുത്തിട്ട് തലക്കടിക്കുന്ന സീന്‍. ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. അതെങ്ങെനെയാ ഫാന്‍ എടുത്തിട്ടൊക്കെ തലക്കടിക്കുക. അതെങ്ങനെ കണ്‍വിന്‍സിങ്ങാകും എന്നൊക്കെ പുള്ളി ചോദിച്ചു. ഞാന്‍ പറഞ്ഞു അതൊന്നും കുഴപ്പമില്ലെന്ന്. ലാലേട്ടന്‍ കണ്‍വിന്‍സിങ് ആകുന്നില്ലായിരുന്നു. സ്റ്റണ്ട് സില്‍വ വന്നപ്പോഴേക്കും ഞാന്‍ പറഞ്ഞു എനിക്ക് ആ സീന്‍ മസ്റ്റാണെന്ന്.
നിങ്ങള്‍ എങ്ങനെയാണെന്ന് വെച്ചാല്‍ എനിക്കത് എടുത്തുരണം എന്ന് പറഞ്ഞു. സില്‍വ വന്നിട്ട് എന്റെയടുത്ത് എങ്ങനെയാ സാര്‍ ഇത് ചെയ്യുക എന്ന് പറഞ്ഞു. ഇതൊരു ട്രോളായി പോകും സാര്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നമ്മള്‍ വെറുതെ കളിയാക്കാനായിട്ട് ഇട്ട് കൊടുക്കുന്ന ഒരു എലമെന്റ് ആയി പോകുമെന്നൊക്കെ പറഞ്ഞു. ഫാന്‍ സീക്വന്‍സെടുക്കാന്‍ വേണ്ടി വരുമ്പോഴത്തേക്കും ലാലേട്ടന്‍ നിനക്കു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്, നിങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു- തരുണ്‍ മൂര്‍ത്തി പറയുന്നു.
കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.