Entertainment

‘ബച്ചന്‍ സിനിമകള്‍ ചെയ്ത് സൂപ്പര്‍സ്റ്റാറായ താരങ്ങളാണ് രജനികാന്തും ചിരഞ്ജീവിയും’; രാം ഗോപാല്‍ വര്‍മ്മ

രജനികാന്തും ചിരഞ്ജീവിയും എന്‍ടി രാമറാവുവും അമിതാഭ് ബച്ചന്‍ സിനിമകള്‍ റീമേക്ക് ചെയ്താണ് സൂപ്പര്‍താരങ്ങള്‍ ആയതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇന്ത്യ ടിവി ഷോബിസിന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ്മ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ഇങ്ങനെ….

”തുടക്കത്തില്‍ സൗത്തിലെ എല്ലാ ഭാഷകളും ബോളിവുഡ് സിനിമകള്‍ റീമേക്ക് ചെയ്യാറുണ്ടായിരുന്നു അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ച മാസ് മസാല ഴോണര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകള്‍ നിര്‍ത്തിയിട്ടില്ല.
തുടക്കത്തില്‍ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എന്‍ ടി രാമറാവുവും രാജ്കുമാറും ബച്ചന്റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകള്‍ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90-കളില്‍, ബച്ചന്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തു. ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു”.

”പിന്നീട് അവരുടെ സംഗീതം വില്‍ക്കാന്‍ വേണ്ടി മാത്രം ബോളിവുഡ് സിനിമകള്‍ ചെയ്തു. അപ്പോഴാണ് മേനെ പ്യാര്‍ കിയ പോലുള്ള സിനിമകള്‍ പുറത്തുവന്നത്. എന്നാല്‍ സൗത്ത് സിനിമകള്‍ ഒരിക്കലും മാസ് സിനിമകളില്‍ നിന്നും പുറത്തുവന്നില്ല. അങ്ങനെയാണ് ഈ നടന്മാരെല്ലാം സൂപ്പര്‍താരങ്ങളായി മാറിയത്”.

രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളായ വേലൈക്കാരന്‍, ബില്ല, ധര്‍മത്തിന്‍ തലൈവന്‍, മാവീരന്‍ എല്ലാം അമിതാഭ് ബച്ചന്‍ സിനിമകളുടെ റീമേക്ക് ആണ്. ഈ സിനിമകള്‍ എല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നു.