Entertainment

തുടരും സിനിമയെ പ്രശംസിച്ച് തമിഴ് നടന്‍ പ്രദീപ് രംഗനാഥനും; നന്ദി പറഞ്ഞ് തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ തുടരും എന്ന സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. അതിഗംഭീര പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് തമിഴ് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥന്‍ രംഗത്തെത്തിയിരിക്കുകയാണ്. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകള്‍ മികച്ചു നില്‍ക്കുന്നുവെന്നും പ്രദീപ് പറഞ്ഞു.

ഇന്‍സ്റ്റഗ്രാം മെസ്സേജിലൂടെയാണ് പ്രദീപ് രംഗനാഥന്‍ തന്റെ അഭിപ്രായം തരുണിനെ അറിയിച്ചത്. നടന്റെ മെസ്സേജ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആയി തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്നും തുടരും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകള്‍. വില്ലനെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴില്‍ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.

പ്രകാശ് വര്‍മ, ശോഭന,ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.