കണ്ണിനുണ്ടാകുന്ന തുടിപ്പ് പലര്‍ക്കും എപ്പോഴെങ്കിലുമൊക്കെ അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ്. എന്തുകൊണ്ടയായിരിക്കാം ഇങ്ങനെ കണ്ണ് തുടിക്കുന്നത്? ഈ ചോദ്യത്തിന് വിശ്വാസംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ഉത്തരം കണ്ടെത്തിയിട്ടുള്ളവരാണ് ഏറെയും പേർ. പുരുഷന്റെ വലത് കണ്ണ് തുടിച്ചാൽ സന്തോഷ വാർത്ത കേൾക്കുമെന്നും സ്ത്രീയുടെ വലത് കണ്ണ് തുടിക്കുന്നത് ദുഃഖ വാർത്ത കേൾക്കനുമാണെന്നൊക്കെയുള്ള കണ്ടെത്തലുകൾക്ക് ഇന്നും പഞ്ഞമില്ല. വിശ്വാസംബന്ധമായി മാത്രമല്ല ഇതിന് ആരോഗ്യപരമായ വിശദീകരണങ്ങളും പലതുണ്ട്. വാസ്തവത്തില്‍ കണ്ണു തുടിയ്ക്കുന്നതും ഭാഗ്യനിര്‍ഭാഗ്യവും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ പറയേണ്ടി വരും. കണ്ണിനുണ്ടാകുന്ന ഈ തുടിപ്പ് ആരോഗ്യവുമായി ബന്ധപ്പെടുത്തി വേണം കാണാൻ.
കണ്ണ് തുടിക്കുന്നത് വളരെ സ്വാഭാവികമാണെന്നാണ് നമ്മള് ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച, അമിതമായ ക്ഷീണം, പിരിമുറുക്കം… എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നത്. ഭൂരിഭാഗം ആളുകളിലും കണ്ണു തുടിക്കുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. എന്നാൽ ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവർ ഇതിന് പ്രത്യേക ചികിത്സ തേടേണ്ടത് ആവശ്യം തന്നെയാണ്. കണ്ണിനുണ്ടാകുന്ന ഇത്തരം ഇടിപ്പ് അല്പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരെ നീണ്ടുനിൽക്കുന്നതായി കണ്ടേക്കാം. ഈ സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതുണ്ട്.
മറ്റെല്ലാ ശരീര അവയവങ്ങൾക്കും വേണ്ടതുപോലെ പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും കണ്ണിനും അത്യാവശ്യമാണ്. ‘മയോകൈമിയ’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്. അറിയാം കണ്ണ് തുടിക്കുന്നതിന്റെ പിന്നിലെ കൂടുതൽ കാരണങ്ങൾ.
കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങൾ
ക്ഷീണവും കൃത്യമായ ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയും കണ്ണു തുടിയ്ക്കുന്നതിന് ഒരു കാരണമാണ്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദിവസത്തിൽ 7-8 മണിക്കൂർ എങ്കിലും കൃത്യമായി ഉറങ്ങാൻ ശ്രദ്ധവേണം.
മാനസിക സമ്മർദ്ദം കൂടുതലാണെങ്കിൽ ശരീരത്തിന്റെ നാഡീവ്യൂഹം അസ്വസ്ഥമാകുന്നു. ഇത് കണ്ണിന്റെ നെര്‍വുകളെ അസ്വസ്ഥമാക്കുകയും കണ്ണ് തുടിയ്ക്കാന് ഇടയാക്കുകയും ചെയ്യുന്നു.
പുകവലി, കഫീൻ, മദ്യം എന്നിവയുടെ അമിതഉപയോഗം കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്. അമിതമായി ചായ, കാപ്പി, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നവരിൽ കണ്ണിന്റെ തുടിപ്പ് സാധാരണമാണ്.
കമ്പ്യൂട്ടർ, മൊബൈൽ, ലാപ് ടോപ് എന്നിവയുടെ ഉപയോഗം കൂടുതലാണെങ്കിൽ കണ്ണുകൾ വരണ്ടതായി തോന്നാം. കൂടാതെ ചില അസുഖങ്ങൾ കാരണവും കണ്ണിന് ഈ വരൾച്ച ഉണ്ടാവാം. ഇത് കണ്ണിന്റെ പേശികളെ ബാധിക്കുകയും കണ്ണു തുടിയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
കണ്ണിൽ അണുബാധ/ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് കണ്ണിന്റെ തുടിപ്പിന് കാരണമാകുന്നു. ഇത് കൂടാതെ ചില ആന്റിഡിപ്രസന്റ് മരുന്നുകൾ കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്.
കണ്ണിന്റെ പേശികളെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 , വൈറ്റമിന്‍ ഡി, ഇലക്ട്രോളൈറ്റുകള്‍ എന്നിവയുടെ കുറവ് ബാധിക്കും. ഇത്തരം പോഷകങ്ങളുടെ കുറവ് മൂലവും ഈ തുടിപ്പ് അനുഭവപ്പെടാം.
പരിഹാരം
ഇങ്ങനെ നിത്യജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി പരിഹരിയ്ക്കാവുന്ന ഒന്നാണ് കണ്ണിനുണ്ടാകുന്ന തുടിപ്പ്. എന്നാൽ അസാധാരണമായ തരത്തില്‍ കണ്ണില്‍ തുടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നേത്രരോഗവിദഗ്ദ്ധനെ കാണുക.
STORY HIGHLIGHT: eye twitching medical reasons