Entertainment

‘ലോകേഷിനൊപ്പം ഒരുങ്ങുന്നത് സൂപ്പര്‍ ഹീറോ പടം’;ആമിര്‍ ഖാന്‍

ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമ ഉണ്ടാകുമെന്ന് അറിയിച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ‘സീതാരേ സമീന്‍ പര്‍’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. നേരത്തെ തന്നെ നടന്‍ ലോകേഷിനൊപ്പം ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പികെ സിനിമയുടെ രണ്ടാം ഭാഗമാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.

‘ലോകേഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് പികെ2 സിനിമയ്ക്ക് വേണ്ടിയല്ല. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ദാദാസാഹേബ് ഫാല്‍ക്കെ എന്ന ചിത്രം തീര്‍ച്ചയായും നിര്‍മ്മിക്കപ്പെടും. രാജുവും ഞാനും അതിന്റെ പണികളിലാണ്. ലോകേഷും ഞാനും ഒരു സിനിമയില്‍ ഒന്നിക്കുന്നുണ്ട്. ഇത് ഒരു സൂപ്പര്‍ഹീറോ ചിത്രമാണ്. വലിയ ആക്ഷന്‍ ചിത്രമാണ്, 2026 ന്റെ രണ്ടാം പകുതിയില്‍ ചിത്രീകരണം ആരംഭിക്കും. ഇതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ കഴിയില്ല,’ ആമിര്‍ ഖാന്‍ പറഞ്ഞു.

ലോകേഷ് – രജനികാന്ത് ചിത്രം കൂലിയിലും ആമിര്‍ ഖാന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ലോകേഷിനൊപ്പം സിനിമ ചെയ്യുന്നു എന്ന ആമിര്‍ ഖാന്റെ തുറന്ന് പറച്ചിലിലൂടെ കൂലിയിക്ക് വേണ്ടിയല്ല പുതിയ സിനിമയ്ക്ക് വേണ്ടിയാകാം ഇരുവരും അന്ന് കൂടിക്കാഴ്ച്ച നടത്തിയത് എന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.