മസ്കത്ത്: രാജ്യത്തിന്റെ 53ാം ദേശീയദിനാഘോഷ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടക്കും. ഒമാൻ ഭരണാധികാരിയും സർവസൈന്യാധിപനുമായ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള മൂന്നാമത്തെ സൈനികപരേഡാണ് ഈ വർഷം നടക്കാൻപോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞവർഷം ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ നാസർ സ്ക്വയറിലായിരുന്നു സൈനിക പരേഡ്.
ഫലസ്തീനിലെ യുദ്ധപശ്ചാത്തലത്തിൽ ഇത്തവണ ദേശീയദിനാഘോഷങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങും. ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നവംബർ 18ന് ആണ് ദേശീയദിനം കൊണ്ടാടുന്നത്.
സാധാരണ രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്നതരത്തിലാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കാറുള്ളത്. ചെറുതും വലുതുമായ പട്ടണങ്ങളിലും നഗരങ്ങളിലുമൊക്കെ ആഘോഷത്തിന് ദിവസങ്ങൾക്ക് മുമ്പേ കൊടിതോരണങ്ങളും വൈദ്യുതി വിളക്കുകൾകൊണ്ടും അലങ്കരിക്കും. എന്നാൽ, ഇത്തവണ മസ്കത്തടക്കമുള്ള നഗരങ്ങളിൽ കൊടിതോരണങ്ങൾ മാത്രമാണ് വെച്ചിട്ടുള്ളത്.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ആഘോഷത്തിന്റെ ഭാഗമായി റാലികളും നടക്കാറുണ്ട്. മുൻ കാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്.
നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറിയിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച് നവംബര്‍ 22, 23 തീയതികളില്‍ ആണ് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവധി നൽകിയിരിക്കുന്നത്. വാരാന്ത്യദിനങ്ങൾ ഉൾപ്പെടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു