×

പാപനാശം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്

google news
.
      ' ലോണ്‍ലി പ്ലാനറ്റി' ന്‍റെ ബീച്ച് ഗൈഡ് ബുക്കില്‍ പാപനാശം ഇടം നേടി

തിരുവനന്തപുരം: സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന 'ലോണ്‍ലി പ്ലാനറ്റ് 'പ്രസിദ്ധീകരണത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച് വര്‍ക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ ബീച്ചുകള്‍.

കേരളത്തിലെ ബീച്ച് ടൂറിസത്തിനു മുന്നില്‍ അവസരങ്ങളുടെ വലിയൊരു ലോകം തുറന്നു വയ്ക്കുകയാണ് ലോണ്‍ലി പ്ലാനറ്റ്. ടൂറിസം വ്യവസായത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വര്‍ക്കലയില്‍ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് പുതിയ വാര്‍ത്ത.

.

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വര്‍ക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കര്‍ത്താവും ആത്മീയ നേതാവുമായ ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയില്‍ വര്‍ക്കല ബീച്ചിന് ഇടം നേടാനായത്  ശ്രദ്ധേയമായ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരം വിനോദമാക്കി മാറ്റുന്നവര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ആധികാരിക മാഗസിനാണ് ലോണ്‍ലി പ്ലാനറ്റ്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് സഞ്ചാരികളുടെ വഴികാട്ടിയാണിത്.

.

ലോണ്‍ലി പ്ലാനറ്റ് നല്‍കുന്ന അംഗീകാരം പാപനാശം ബീച്ചിന്‍റെ ഖ്യാതി വര്‍ധിപ്പിക്കും. വര്‍ക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. വര്‍ക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ 'വര്‍ക്കല രൂപവത്കരണം'എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്.

.

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം 'ദക്ഷിണ കാശി' എന്നറിയപ്പെടുന്നു. ഇവയ്ക്ക് പുറമെ എല്ലാ സീസണുകളിലും ഭക്തജനങ്ങള്‍ ധാരാളമായി ഒത്തുകൂടുന്ന ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും വിനോദ സഞ്ചാരമേഖലയിലെ പ്രധാന കേന്ദ്രമാണ്.

ലവണ ജല ഉറവ, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി -ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു.

.

പാരാസെയിലിംഗ്, സ്കൂബ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരം ലഭിക്കും.  സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 29,30,31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകും. രാജ്യത്തെമ്പാടുമുള്ള സര്‍ഫിംഗ് അത്ലറ്റുകള്‍ ഇതിന്‍റെ ഭാഗമാകും.

നിരവധി വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ കഴിഞ്ഞ ഡിസംബറില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത.

.

പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

read more :ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?

read more :ലിറ്റിൽ ടിബറ്റിലേക്കൊരു യാത്ര പോയാലോ?

read more :ഭക്ഷണം കഴിക്കാം കായലിന്റെ നടുക്കിരുന്നു: ഈ വീക്കെൻഡ് അവിടെ ചെലവഴിച്ചാലോ?

read more :അവധിക്കാലം ആഘോഷമാക്കി ആനക്കാംപൊയിലൂടെ ഒരു ആനവണ്ടി യാത്ര

read more :യാത്രികരുടെ സ്വർഗ്ഗ ഭൂമിയിലേക്ക് പോയാലോ?