കോഴിക്കോട്: നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കെഎസ്ആർടിസി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാരുടെ ലഭ്യത വർധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് ആണ് അറിയിച്ചത്.
റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെ എസ് ആർ ടി സി യുടെ വിശദീകരണം.
താമരശ്ശേരി – മുക്കം – മഞ്ചേരി – തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ ഏറ്റെടുത്തതായി കെ എസ് ആർ ടി സി ചീഫ് ലോ ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ റൂട്ടിൽ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചെങ്കിലും നഷ്ടം സംഭവിച്ചു. നഷ്ടമുള്ള റൂട്ടുകളിൽ സർവ്വീസ് നടത്താൻ കഴിയില്ലെന്നും സർക്കാർ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. ഓമശ്ശേരി സ്വദേശി കെ ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു