ന്യൂഡൽഹി: രാജ്യത്തിന്റെ മുഴുവൻ ആശയാഭിലാഷങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള കൂട്ടായ്മയാണ് ദേശീയ ജനാധിപത്യ സഖ്യമെന്നും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൻഡിഎയ്ക്കു തുടർഭരണം സാധ്യമാകണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 38 പാർട്ടികൾ പങ്കെടുത്ത എൻഡിഎ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മോദി. 2024 ൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരാനുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും അതു ലക്ഷ്യമിട്ട് ഏകോപനത്തോടെയുള്ള പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Read More: ബി.ജെ.പിയെ നേരിടാൻ ഇനി ‘ഇന്ത്യ’; പോരിനൊരുങ്ങി പ്രതിപക്ഷ സഖ്യം
കാലത്തിന്റെ പരീക്ഷണങ്ങൾ അതിജീവിച്ച സഖ്യമാണ് എൻഡിഎ എന്ന് യോഗത്തിനു മുൻപ് മോദി ട്വീറ്റ് ചെയ്തു. കുടുംബാധിപത്യവും അഴിമതിയും മാത്രം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, എൻസിപി നേതാക്കളായ അജിത് പവാർ, പ്രഫുൽ പട്ടേൽ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്ന് ബിഡിജെഎസ്, കാമരാജ് കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തു. ബിജെപിക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 37 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. നേരത്തേ ബിഹാർ വിഷയത്തിൽ എൻഡിഎ വിട്ട ചിരാഗ് പാസ്വാൻ യോഗത്തിൽ പങ്കെടുത്തു.
പ്രതിപക്ഷ ലക്ഷ്യം കുടുംബാധിപത്യം :- നരേന്ദ്ര മോദി
പ്രതിപക്ഷത്തിന്റെ മന്ത്രം കുടുംബാധിപത്യത്തിന്റേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കുടുംബത്തിനു വേണ്ടി കുടുംബം നടത്തുന്ന ഭരണമെന്നതാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. പോർട് ബ്ലെയറിലെ വീർ സവർക്കർ എയർപോർട്ടിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ബെംഗളൂരുവിൽ കടുത്ത അഴിമതിക്കാരുടെ കൺവൻഷനാണ് നടക്കുന്നത്. തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ടെങ്കിലും പ്രതിപക്ഷം ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇടതു പക്ഷത്തിനും കോൺഗ്രസിനും നേരെ അക്രമമുണ്ടായെങ്കിലും ഇരു കൂട്ടരും മിണ്ടാതിരിക്കുകയാണ്.
സ്വന്തം കുടുംബങ്ങളുടെ സ്വത്ത് വർധിപ്പിക്കലാണ് അവരുടെ ലക്ഷ്യം. കുടുംബാധിപത്യം കാരണമാണ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയ്ക്കു വലിയ വികസനമുണ്ടാകാതിരുന്നത്. ആ കൂട്ടർ ഇപ്പോൾ ജാതിവിദ്വേഷ വിഷവും അഴിമതിയുമായി ഇറങ്ങിയിരിക്കുകയാണ് – മോദി കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം