അമരാവതി: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തെലങ്കാനയിൽ ബിജെപി ഉൾപ്പോര് രൂക്ഷം. സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയിന്‍റെ നേതൃത്വത്തിനെതിരെ ട്രോൾ വീഡിയോയുമായി ദേശീയ എക്സിക്യൂട്ടീവ് അംഗം തന്നെ രംഗത്തെത്തിയതോടെ തമ്മിലടി പരസ്യമായി. പാർട്ടിയിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്ന ബണ്ടി സഞ്ജയിനെ മാറ്റണമെന്ന മുറവിളി പാർട്ടിയിൽ ശക്തമാണ്. കർണാടകയിലെ തോൽവിക്ക് ശേഷം നടക്കാൻ പോകുന്ന ബി ജെ പിയുടെ അടുത്ത സുപ്രധാന തെരഞ്ഞെടുപ്പ് തെലങ്കാനയിലാണ്.
വണ്ടിയിലേക്ക് കയറാൻ കൂട്ടാക്കാതെ നിൽക്കുന്ന കാളയെ പിന്നിൽ നിന്ന് ചവിട്ടി വണ്ടിയിലേക്ക് കയറ്റുന്ന ഉടമയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജപി ദേശീയ എക്സിക്യൂട്ടീവ് അംഗം ജിതേന്ദർ റെഡ്ഡി എഴുതിയതിങ്ങനെയാണ്. ‘തെലങ്കാന ബിജെപി നേതൃത്വത്തിന് വേണ്ട ചികിത്സ ഇപ്പോഴിതാണ്’.
Read More:ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ അനുമതി
സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയിന്‍റെ ഏകാധിപത്യത്തിനെതിരെ ബിആർഎസ്സിൽ നിന്ന് ബിജെപിയിലേക്ക് മറുകണ്ടം ചാടിയ നേതാക്കളിൽ പലരും കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. ജിതേന്ദർ റെഡ്ഡിയും ബിആർഎസ്സിൽ നിന്ന് ബിജെപിയിലെത്തിയതാണ്. ബിആർഎസ്സിൽ നിന്ന് ബിജെപിയിലെത്തിയ എട്ടെല രാജേന്ദർ, കൊമതി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി എന്നിവർ തുറന്ന കലാപവുമായി രംഗത്തെത്തിക്കഴിഞ്ഞു.
പ്രശ്നം തണുപ്പിക്കാൻ അമിത് ഷാ തന്നെ നേരിട്ട് ഇരുനേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്നും, പാർട്ടിയിൽ ബിആർഎസ്സിൽ നിന്ന് വന്നവർക്ക് കൂടുതൽ പദവികൾ വേണമെന്നും മറുകണ്ടം ചാടിയെത്തിയവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബണ്ടി സഞ്ജയ് അടക്കമുള്ളവർ ഇതിന് തയ്യാറുമല്ല. പക്ഷേ, ബിആർഎസ്സിൽ നിന്ന് കൂട്ടത്തോടെ മുതിർന്ന നേതാവ് പൊങ്കുലെട്ടി ശ്രീനിവാസ റെഡ്ഡി അടക്കം 35 നേതാക്കൾ കോൺഗ്രസിലേക്ക് പോയതിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ നേരിട്ട് പ്രശംസിച്ച ബണ്ടി സഞ്ജയിനെതിരെയാണ് ഇപ്പോൾ പാർട്ടിയിൽ ആഭ്യന്തര കലാപമുയരുന്നത്. ബിആർഎസ്സിനെതിരെ ശക്തമായ വെല്ലുവിളിയുയർത്താൻ ബണ്ടിക്ക് കഴിഞ്ഞില്ലെങ്കിൽ നേതൃമാറ്റത്തിലൂടെ പാർട്ടിയിലെ കലഹം തൽക്കാലം അടക്കിനിർത്താനാകുമോ എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം