ന്യൂഡൽഹി: തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറാൻ സാവകാശം തേടിയ എസ്ബിഐക്ക് സുപ്രീം കോടതിയിൽനിന്നു തിരിച്ചടി. വിവരങ്ങൾ ഇന്നു വൈകിട്ട് 5നു മുൻപ് കമ്മിഷനു കൈമാറാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. ഇവ ക്രോഡീകരിച്ചു 15ന് അകം തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വ്യക്തമാക്കി. ഇനിയും ഉത്തരവു പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകി.
2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ 26 ദിവസങ്ങളിൽ എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്ബിഐയോടു ചോദിച്ചു. ‘സാവകാശം തേടി എസ്ബിഐ നൽകിയ അപേക്ഷയിൽ ഇതുവരെ ചെയ്തത് എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. എസ്ബിഐയിൽനിന്ന് അൽപം ആത്മാർഥത പ്രതീക്ഷിക്കുന്നു’– കോടതി തുറന്നടിച്ചു. വേണ്ടത്ര വിവരങ്ങൾ എസ്ബിഐയുടെ കൈവശമുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിമർശനം. വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ സങ്കീർണതയും മറ്റും ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ സാവകാശം തേടിയത്.
വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങൾ പുറത്തുവരുന്നതു തടയാൻ കേന്ദ്ര സർക്കാർ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമർശനങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. കോടതി നിശ്ചയിച്ചു നൽകിയ സമയക്രമം പാലിക്കാത്ത എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയിൽ ബെഞ്ച് നടപടി സ്വീകരിച്ചില്ല. പ്രധാന കേസിലെ ഹർജിക്കാരായിരുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ്, സിപിഎം എന്നീ സംഘടനകളുടേതായിരുന്നു കോടതിയലക്ഷ്യ ഹർജി.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ