വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധികം വൈകാതെ റിപ്പോർട്ട് വരുമെന്നും ശേഷം പരിശോധിച്ച് മറുപടി പറയുമെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം. കഴിഞ്ഞ ശനിയാഴ്ച അപകം നടന്നതിന് തൊട്ടുപിന്നാലെയാണ് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ടൂറിസം ഡയറക്ടറോട് മന്ത്രി നിർദ്ദേശിച്ചത്.
അപകടം കഴിഞ്ഞ് ദിവസം നാലായിട്ടും തൻ്റെ നിർദേശം നടപ്പാക്കിയിട്ടില്ല എന്നാണ് മന്ത്രി പറയുന്നതിൻ്റെ അർത്ഥം. എന്നാൽ ടൂറിസം ഡയറക്ടർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലെ വിശദാംശങ്ങൾ മന്ത്രിയെ വെട്ടിലാക്കും എന്നതുകൊണ്ടാണ് മന്ത്രി ഇത്തരം വാദങ്ങളുമായി ഒഴിഞ്ഞു മാറുന്നതെന്നാണ് ലഭിക്കുന്ന സൂചന. അപകടവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ അന്വേഷണത്തിന് ലഭിച്ചു.
അപകടത്തിന് ഉത്തരവാദിത്വം കരാർ കമ്പനിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാനാണ് റിപ്പോർട്ട് ശ്രമിക്കുന്നത്. അപകടത്തിന് കാരണക്കാർ തങ്ങളല്ല എന്ന വാദവുമായി കഴിഞ്ഞ ദിവസം കരാർ കമ്പനിയായ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ജോയ് വാട്ടർ സ്പോർട്സ് രംഗത്ത് എത്തിയിരുന്നു. ഇതാണ് കരാർ കമ്പനിയിൽ ഉത്തരവാദിത്വം അടിച്ചേൽപ്പിച്ച് കൈകഴുകാൻ ശ്രമിക്കുന്ന റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ തിരിച്ചടിയായിരിക്കുന്നത്.
വലിയ തിരയടിക്കുമെന്ന മുന്നറിയിപ്പ് സ്വകാര്യ കമ്പനി അവഗണിച്ചതും കൂടുതല്‍ ആള്‍ക്കാരെ ബ്രിഡ്ജില്‍ കയറ്റിയതും അപകടത്തിന് കാരണമായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് നടത്തിപ്പുകാർ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം.
ബ്രിഡ്ജ് പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ്. ബ്രിഡ്ജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പഠനങ്ങളും നടത്തിയിട്ടില്ല. എന്നാൽ മന്ത്രി മതിയായ സുരക്ഷ ഉറപ്പ് നൽകി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബ്രിഡ്ജ് കൃത്യമായ പരിശോധനകളില്ലാതെയും മാനദണ്ഡങ്ൾ പാലിക്കാതെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നെന്നു റിപ്പോര്‍ട് പറയുന്നില്ല. ഇത് ടൂറിസം വകുപ്പിനെ തന്നെയാണ് തിരിച്ചടിക്കുന്നത് എന്നതാണ് വസ്തുത.
എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണമെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നത്. ശക്തമായ തിരയെ പാലത്തിന് പ്രതിരോധിക്കാനായില്ല. അഡ്വഞ്ചർ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ചുമതല ടൂറിസം പ്രമൊഷൻ കൗൺസിലിനും അഡ്വഞ്ചർ ടൂറിസം പ്രമൊഷൻ സൊസൈറ്റിക്കുമാണ്. അനുമതികൾ തേടിയത് ഡിടിപിസിയാണെന്നാണ് കരാർ കമ്പനി നൽകുന്നദീകരണം.
അപകടം നടന്ന സമയത്ത് വലിയ തിരയുണ്ടാകുമെന്നു ഹോം ഗാര്‍ഡുകളടക്കം നടത്തിപ്പുകാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സഞ്ചാരികളെ ബ്രിഡ്ജിലേക്ക് കത്തി വിടുകയായിരുന്നു. 25 പേര്‍ക്ക് മാത്രം ഒരേ സമയത്ത് കയറാവുന്ന ബ്രിഡ്ജില്‍ അപകട സമയത്തുണ്ടായിരുന്നത് 60 ലേറെപ്പേര്‍ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും നടത്തിപ്പുകാർക്കെതിരെ റിപ്പോർട്ടിൽ ആരോപിക്കുന്നു. എന്നാൽ കൃത്യമായി എത്ര ആളുകളുണ്ടെന്നു പറയാൻ കഴിയാത്ത എല്ലാം കരാറുകാർ കാരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതാണ് റിപ്പോർട്ടുകൾ എന്നാണ് സൂചനകൾ.
വലിയ തിരമാല വന്നപ്പോൾ ബ്രിഡ്ജിലുണ്ടായിരുന്നവര്‍ ഒരു വശത്തേക്ക് ചരിഞ്ഞു. ഈ സമയം ഭാരം താങ്ങാനാകാതെ കൈവരികള്‍ തകര്‍ന്ന് ആളുകള്‍ കടലിലേക്ക് പതിക്കു 2യായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും റിപ്പോർട്ടുകളുണ്ട്.
ബ്രിഡ്ജിൻ്റെ നടത്തിപ്പുകാരായ ജോയ് ടൂറിസം വാര്‍ഷിക തുകയായി എട്ടു ലക്ഷം രൂപ ഡിടിപിസിക്ക് നല്‍കുന്നുണ്ട്. ഇതു കഴിഞ്ഞുള്ള തുക നടത്തിപ്പുകാർക്കാണ് ലഭിക്കുന്നത്. അതിനാലാണ് കരാർ കമ്പനി നിശ്ചിത പരിധിയും കഴിഞ്ഞ് ആളെ കയറ്റിയതെന്നും റിപ്പോർട്ട് പറയാതെ പറയുന്നുണ്ട്.
പാലത്തിന്‍റെ കൈവരി തകർന്നായിരുന്നു അപകടംമെന്ന് കരാർ കമ്പനിയും ശരിവയ്ക്കുന്നുണ്ട്. പക്ഷെ അന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. സാധാരണ കോസ്റ്റൽ പൊലീസോ, ഗാർഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തിൽ സഞ്ചാരികളെ കയറ്റുന്നത് നിർത്തിവയ്ക്കാറുണ്ടെന്നാണ് കമ്പനിയുടെ ടെക്നിക്കൽ ഹെഡായ ആര്‍ രാജേന്ദ്രൻ പറയുന്നത്.
ജോയ് വാട്ടർ സ്പോർട്സിന് ആൻഡമാനിലടക്കം ഇത്തരം നിരവധി സംരഭങ്ങൾ നിർമ്മിച്ചിട്ടുള്ള മുൻ പരിചയമുണ്ടെന്നും കമ്പനി വൃത്തങ്ങൾ അവകാശപ്പെടുന്നു. പരസ്പരം അപകടത്തിൻ്റെ ഉത്തരവാദിത്വം പഴിചാരി ടൂറിസം വകുപ്പും കരാർ കമ്പനികളും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വൻ ദുരന്തം ഒഴിവായത് തലനാരിഴക്കാണ് എന്നതാണ് രണ്ടു കൂട്ടരുടേയും വാദപ്രതിവാദങ്ങൾ തന്നെ തെളിയിക്കുന്നത്. ടൂറിസം ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം മറുപടി പറയുന്നതാണ് ശരിയെന്നും അതിന് ശേഷമേ നടപടിയുണ്ടാകൂ എന്നുമാണ് മന്ത്രിയും ഇപ്പോൾ പറഞ്ഞൊഴിയുന്നത്.