തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണത്തിൽ രാഷ്ട്രീയവിവാദം പുകയവേ സർക്കാരിനെതിരേ ‘സർജിക്കൽ സ്‌ട്രൈക്കു’മായി ഗവർണർ. സർവകലാശാലകളിൽ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള ഒരുക്കങ്ങൾക്കിടെ, ചാൻസലറെന്നനിലയിൽ സർവാധികാരി താൻതന്നെയാണെന്നാണ് സർക്കാരിനുള്ള സന്ദേശം. കേരളത്തിലേത് മികച്ച പോലീസ് സേനയാണെന്നു പ്രശംസിച്ച ഗവർണർ, ഭരണപാർട്ടി സമ്മതിച്ചില്ലെങ്കിൽ അവരെങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യവുമായി സർക്കാരിനെ ഉന്നമിടാനും മറന്നില്ല.
സർവകലാശാലകളിലെ ഹോസ്റ്റലുകൾ എസ്.എഫ്.ഐ. താവളമാണെന്നും അവരത് ക്രിമിനൽ-അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നുമാണ് വിമർശനം. ഇക്കാര്യത്തിൽ വലിയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എസ്.എഫ്.ഐ.-പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന ആരോപണവും സി.പി.എമ്മിനെ ലക്ഷ്യമിട്ടുതന്നെ.
നടപടികൾ അസാധാരണം
ഒരു സർവകലാശാലയിൽ അനിഷ്ട സംഭവമുണ്ടായാൽ ഉടനടി വി.സി.ക്കെതിരേ നടപടിയെടുക്കുന്ന പതിവില്ല. അതിനാൽ, അസാധാരണമാണ് ഗവർണറുടെ ഇപ്പോഴത്തെ തീരുമാനം. അടിയന്തരഘട്ടത്തിൽ ഏത് അധികാരികൾക്കെതിരേയും നടപടിയെടുക്കാൻ വെറ്ററിനറി സർവകലാശാലാ നിയമത്തിലെ എട്ടാം വകുപ്പിൽ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് സസ്പെൻഷൻ.
ഒരു കുറ്റകൃത്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിയെ സമീപിക്കുന്നതും പതിവുള്ളതല്ല. സർവീസിലുള്ള ജഡ്ജിയെ അന്വേഷണത്തിനു ലഭിക്കുന്നതും എളുപ്പമല്ല. ഒന്നുകിൽ വിരമിച്ച ജഡ്ജി അന്വേഷണത്തിനു നിയോഗിക്കപ്പെട്ടേക്കാം. ഇല്ലെങ്കിൽ സിദ്ധാർഥന്റെ മരണത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടലിനുള്ള വഴിയൊരുക്കുകയാണ് ഗവർണർ.
അലംഭാവത്തിന്റെ രണ്ടാഴ്ച; ഒടുവിൽ നടപടി
സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാല ഗുരുതരമായ അലംഭാവം കാണിച്ചെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. 18-നു മരണം നടന്നെങ്കിലും സർവകലാശാലാ അധികൃതർ അനങ്ങാൻ നാലുദിവസമെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുപോലും വി.സി.യോ ഡീൻ ഉൾപ്പെടെയുള്ളവരോ ഗൗരവത്തോടെ കണ്ടില്ല. തുടർന്ന്, നീതിതേടി സിദ്ധാർഥന്റെ അച്ഛൻ 26-ന് ഗവർണറെ സമീപിച്ചു. അടിയന്തരനടപടി നിർദേശിച്ച് ഗവർണർ ഡി.ജി.പി.ക്കു കത്തയച്ചശേഷമാണ് പോലീസ് എന്തെങ്കിലും ചെയ്യാൻ തുടങ്ങിയത്.
ഇതിനിടയിലൊന്നും സംഭവത്തിന്റെ ഗൗരവം ചാൻസലറെ അറിയിക്കാൻ വി.സി. തയ്യാറായില്ലെന്നാണ് വിമർശനം. ഗവർണർ വി.സി.യോടു റിപ്പോർട്ടുതേടിയിരുന്നു. കഴിഞ്ഞദിവസം സിദ്ധാർഥന്റെ രക്ഷിതാക്കളെ കാണാൻ തിരുവനന്തപുരത്തു വന്നപ്പോഴും വി.സി. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു മുതിർന്നില്ല. ഇങ്ങനെ, ദാരുണമരണമുണ്ടായി രണ്ടാഴ്ചയായിട്ടും കാര്യമായി ഒരു നടപടിയുമുണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഗവർണർ ഇടപെട്ടതെന്നാണ് രാജ്ഭവൻ വൃത്തങ്ങളുടെ വിശദീകരണം.