കോട്ടയം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പിൽനിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ച കേസിൽ നഷ്ട പരിഹാരവും ചികിത്സാച്ചെലവും നൽകാൻ നിർദ്ദേശിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റേതാണ് ഉത്തരവ്. ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കേ മരണട്ട അമയന്നൂർ സ്വദേശിയും വിരമിച്ച അധ്യാപകനുമായ ഇ.കെ. ഉമ്മന്റെ ഭാര്യ ശോശാമ്മ നൽകിയ പരാതിയിലാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ് അധികൃതർക്കും കോടതി നിർദ്ദേശം നൽകിയത്.
പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെളിവുകളും അവലോകനം ചെയ്ത കമ്മിഷൻ മെഡിസെപ് ആരോഗ്യപരിരക്ഷ പദ്ധതിയിൽ നിലവിലുള്ള രോഗങ്ങൾ ഒഴിവാക്കിയിട്ടില്ലായെന്നു നിരീക്ഷിച്ചു. മെഡിസെപ്പിൽ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ സൗജന്യചികിത്സയും പട്ടികയിൽപ്പെടുത്തിയിട്ടില്ലാത്ത ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കു ചെലവാകുന്ന തുക തിരിച്ചുനൽകുന്നതിനും വ്യവസ്ഥ ഉണ്ട്. പോളിസിയിൽ എമർജൻസി കെയർ എന്നു പറഞ്ഞിരിക്കുന്നത് പെട്ടെന്നുള്ള ഗുരുതരമായതും അപകടകരവുമായ സംഭവവും ഉടനടി നടപടി ആവശ്യമായ സാഹചര്യവുമാണ്. ഹൃദ്രോഗിക്ക് ഓരോ പ്രാവശ്യത്തെ വേദനയും അസ്വസ്ഥതയും വൈദ്യസഹായം ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യമാണ്. പരാതിക്കാരന്റെ അവകാശവാദം സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് നിരസിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി.
ഇൻഷുറൻസ് എടുത്തയാളെ മതിയായ കാരണങ്ങളില്ലാതെ നിരാകരിക്കുന്നത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. മെഡിസെപ്പിൽ എൻറോൾ ചെയ്ത് ആരോഗ്യ പരിരക്ഷ എടുക്കുമ്പോൾ ശരിയായ രീതിയിലുള്ള ക്ലെയിം സെറ്റിൽമെന്റ് നടക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് മെഡിസെപ് അധികൃതരുടെ ചുമതലയാണ്. മെഡിസെപ് വഴി നൽകുന്ന ആനുകൂല്യം വസ്തുതാപരമല്ലാത്ത കാരണങ്ങളാൽ ഇൻഷുറൻസ് കമ്പനി നിരസിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് അധികൃതരാണ്.
പരാതിക്കാരിയുടെ ഭർത്താവിന്റെ ഇൻഷുറൻസ് ക്ലെയിം അടിസ്ഥാനപരമല്ലാത്ത കാരണങ്ങളാൽ നിരസിക്കുന്നില്ലെന്ന് ഉറപ്പുവരുത്താത്ത മെഡിസെപ് അധികൃതർ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിയാണെന്ന് കമ്മിഷൻ കണ്ടെത്തി. ചികിത്സയ്ക്ക് ചിലവായ 2,59,820/ രൂപ ഒമ്പതു ശതമാനം പലിശയോടെ നൽകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥയ്ക്ക് 20,000/ നഷ്ടപരിഹാരവും കോടതിച്ചിലവായി 5000/ രൂപയും ഇൻഷുറൻസ് കമ്പനിയും മെഡിസെപ് അധികൃതരും ചേർന്നു നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
വർഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന പരാതിക്കാരിയുടെ ഭർത്താവ് ഇ.കെ. ഉമ്മനെ നെഞ്ചുവേദനയെത്തുടർന്ന് 2022 ജൂലൈ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് ബാധിതനാണെന്നും കണ്ടെത്തി. 2022 ഓഗസ്റ്റ് 21ന് ഉമ്മൻ മരിച്ചു. കോവിഡ് ബാധിതനായിരുന്നുവെങ്കിലും മരണകാരണം ഹൃദ്രോഗമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിരുന്നു. ചികിത്സാച്ചെലവിനായി ശോശാമ്മ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നിരസിച്ചതോടെയാണു പരാതിയുമായി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ