കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിപ്പട്ടികയിലെ എല്ലാവരും ഇന്നലെയോടെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം.
സിൻജോ ജോൺസൺ, കാശിനാഥൻ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ സിൻജോയെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കാശിനാഥൻ പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. കാമ്പസിൽ സിദ്ധാർഥന് നേരെ നടന്ന ആൾക്കൂട്ട വിചാരണക്കും മർദനത്തിനും നേതൃത്വം നൽകിയത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയയാ സിൻജോ ജോൺസൺ ആണെന്ന് പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23), കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 18 പേരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- ഗസ്സയിലെ വെടിനിർത്തൽ: ഇന്ന് കെയ്റോയിൽ ഇസ്രായേൽ – ഹമാസ് ചർച്ചക്ക് സാധ്യത
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ