കൊച്ചി: 2018 ൽ വിചാരണ കോടതി ജഡ്ജി ആർ.നാരായണൻ പിഷാരടി കുറ്റം തെളിയിക്കപ്പെടാത്തതിനാൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി.മോഹനൻ, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെ വിട്ടയക്കുന്നു എന്നായിരുന്നു വിധി പറഞ്ഞത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ഒഴികെ മറ്റു രണ്ടു പേരെയും ഹൈക്കോടതി പ്രതി ചേർത്തു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ഗൂഢാലോചന, കൊലപാതക കുറ്റം എന്നിവ മറ്റു രണ്ടു പേർക്കുമെതിരെ നിലനിൽക്കുമെന്നാണ് ഇവരെ വിട്ടയച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്.
പി.മോഹനനെതിരെ വീണ്ടും കോടതിയെ സമീപിക്കും എന്നാണ് കേസിലെ പരാതിക്കാരിലൊരാളും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ എംഎൽഎ പ്രസ്താവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടുത്തിടെയൊന്നും ശമനമുണ്ടാകില്ല എന്നും ഉറപ്പായി. വിധിയെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തങ്ങളുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കേസില്‍പ്പെടുത്താൻ ശ്രമം നടന്നതായി പറഞ്ഞതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കേസിൽ 14ാം പ്രതിയായിരുന്നു പി.മോഹനൻ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായ നേരിട്ടുള്ള തെളിവുകളോ സാഹചര്യ തെളിവുകളോ ഇല്ല എന്നാണ് പി.മോഹനനെ വിട്ടയച്ച വിചാരണ കോടതി വിധി ശരിവച്ചുകൊണ്ട് ഹൈക്കോടതിയും പറഞ്ഞത്. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്ന 2012 മേയ് 4നു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ കാര്യങ്ങൾ അവലോകനം ചെയ്താണ് ഹൈക്കോടതി ഈ നിഗമനത്തിലെത്തിയത്.
2012 ഏപ്രില്‍ രണ്ടിന് കെ.സി.രാമചന്ദ്രൻ, സി.എച്ച്.അശോകൻ, കെ.കെ.കൃഷ്ണൻ, പി.മോഹനൻ എന്നിവർ കേസിൽ 30ാം പ്രതിയായിരുന്ന രവീന്ദ്രന്റെ ഒർക്കാട്ടേരിയിലുള്ള പൂക്കടയിൽവച്ച് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
ആ പ്രദേശത്തെ പാൽ സഹകരണ സംഘത്തിൽ ജോലി ചെയ്യുന്ന സുരേഷ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. താൻ മകളുടെ ഫോട്ടോ എടുക്കാനായി അടുത്തുള്ള ഒരു സ്റ്റുഡിയോയിലേക്കു പോകുന്ന വഴി മുകളില്‍ പറഞ്ഞ പ്രതികള്‍ പൂക്കടയിലേക്കു കയറിപ്പോകുന്നതു കണ്ടെന്നാണ് സുരേഷ് ബാബുവിന്റെ മൊഴി.
ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിലായിരുന്നു ഇത്. തിരിച്ചു വരുന്നതു വഴി ഇവർ ഗൂഢാലോചന നടത്തുന്നത് താൻ കേട്ടു എന്നാണ് സുരേഷ് ബാബുവിന്റെ മൊഴി. ചന്ദ്രശേഖരൻ പാർട്ടിയുടെ താല്‍പര്യങ്ങൾക്കു വിരുദ്ധമായി സംസാരിക്കുന്നു, അതിനാൽ ഇനി വച്ചോണ്ടിരിക്കരുത് എന്ന് ഇവർ പറഞ്ഞതായാണു സാക്ഷി മൊഴി.
എന്നാൽ വിചാരണയ്ക്കിടെ പ്രതിഭാഗം ഇതു ചോദ്യം ചെയ്തു. ഏതു സമയത്താണ് ഈ പ്രതികള്‍ പൂക്കടയിലേക്കു കയറിപ്പോകുന്നത് എന്നതു സംബന്ധിച്ചു സാക്ഷിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിന്റെ ചിത്രമെടുക്കാന്‍ ക്ഷണിക്കപ്പെട്ട പി.എം.ഭാസ്കരൻ എന്ന ഫൊട്ടോഗ്രാഫറുടെ മൊഴിയാണ്.
2 മണി മുതൽ 4 വരെ താൻ അവിടെ ഉണ്ടായിരുന്നു എന്നും ഇതിനിടയിൽ മോഹനൻ ഉള്‍പ്പെടെയുള്ളവരെ കണ്ടിരുന്നു എന്നും എന്നാൽ അവർ സ്ഥലത്തെത്തിയ സമയത്തിൽ വ്യക്തത ഇല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ഗൂഢാലോചന നടത്തുന്നവർ ഇത്ര ഉച്ചത്തില്‍ അതു ചെയ്യുമോ, അതു സാക്ഷി കേൾക്കാൻ ഉള്ള സാധ്യത എന്നിവയിൽ സംശയം പ്രകടിപ്പിച്ച് വിചാരണ കോടതി സുരേഷ് ബാബുവിന്റെ വാദം ശരിയല്ല എന്നു വ്യക്തമാക്കിയിരുന്നു.
അത് ഹൈക്കോടതിയും ശരിവച്ചു. മാത്രമല്ല, ഫൊട്ടോഗ്രാഫറായ ഭാസ്കരന്റെ മൊഴിയും പ്രതികളുടെ ഭാഗം ന്യായീകരിക്കുന്നതാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ പ്രസ്തുത ദിവസം നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് ഹൈക്കോടതി പറയുന്നു.
Read more ….
- കോഴിക്കോട് സ്കൂൾ വിദ്യാർഥിനി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചതിൽ ദുരൂഹതയെന്ന് നാട്ടുകാർ
- മുഖ്യമന്ത്രി വരണം, വനം മന്ത്രിയുമായി മാത്രമുള്ള ചര്‍ച്ച പറ്റില്ല : സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
- വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
- ‘സ്ത്രീ ശക്തി വാക്കിൽ മാത്രം പോരാ, പ്രവർത്തിയിലും വേണം’ : കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കാത്തതിനെതിരെ കോടതി
- ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചു:രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്
2012 ഏപ്രിൽ 20ന് കെ.സി.രാമചന്ദ്രനും മനോജനും കൂടി കുഞ്ഞനന്തനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിരുന്നു എന്നും അവിടെ വച്ച് രാമചന്ദ്രന്റെ ‘രഹസ്യ’ ഫോണിൽനിന്ന് പി.മോഹനനെ വിളിച്ചു എന്നുമാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. ഇതാണ് കേസിലെ ഗൂഢാലോചനയുമായി പി.മോഹനനെ ബന്ധിപ്പിക്കാനുള്ള ഒരു പ്രധാന തെളിവായി പ്രോസിക്യൂഷൻ ഉപയോഗിച്ചത്.
എന്നാൽ വിചാരണ കോടതി ഇതു തള്ളിയിരുന്നു. അത്തരമൊരു ഫോണിന്റെ ഉപയോഗത്തെക്കുറിച്ചു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്നു ഹൈക്കോടതിയും വ്യക്തമാക്കി. പി.മോഹനനെ കുറ്റവിമുക്തമാക്കിയ നടപടി തെളിവുകളുടെ അഭാവത്തിലാണ് എന്നാണു ഹൈക്കോടതി വിധിയും പറയുന്നത്. അതു തന്നെയാണ് കെ.കെ.രമയും പറയുന്നത്. അതുകൊണ്ടു തന്നെ നിയമയുദ്ധം ഇക്കാര്യത്തിൽ വർഷങ്ങളോളം മുന്നോട്ടുപോകും എന്നുറപ്പ്.