ന്യൂഡൽഹി: വയനാട്ടിൽ സിപിഐ ദേശീയ നേതാവ് ആനി രാജയെ മത്സരിപ്പിക്കാനുള്ള ഇടത് നീക്കത്തിൽ കോൺഗ്രസിൽ ‘ആശയക്കുഴപ്പം’. വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല എന്നാണ് എഐസിസി നേതൃത്വം നൽകുന്ന വിവരം. വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൻ്റെ കാര്യത്തിൽ രാഹുലിൻ്റെ പ്രതികരണത്തിന് വേണ്ടി കാക്കുകയാണെന്നും നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധി ഇക്കുറി കേരളത്തിൽ മത്സരിക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
ബിജെപിക്കെതിരെയുള്ള വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയെ നയിക്കുന്നത് കോൺഗ്രസാണ്. ഇടതു പാർട്ടികളായ സിപിഎമ്മും സിപിഐയും അതിലെ സഖ്യകക്ഷിയാണ്. കേരളത്തിൽ സഖ്യമില്ലെങ്കിലും മുന്നണിയുടെ പ്രധാന മുഖമായ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് അവസരോചിതമല്ലെന്നാണ് വിലയിരുത്തലുകൾ. കേരളത്തിൽ രാഹുൽ സ്ഥാനാർത്ഥിയായി വന്നാൽ ഇടതു മുന്നണിക്ക് തിരിച്ചടിയാവുമെന്നതിനാൽ സിപിഐയുടെ ദേശീയ നേതാവായ ആനി രാജയെയാണ് സിപിഐ വയനാട്ടിൽ രംഗത്ത് ഇറക്കിയിരിക്കുന്നത്.
ദേശീയ തലത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയാണ് ആനി രാജയും. ഇൻഡ്യ മുന്നണിയിലെ രണ്ട് നേതാക്കൾ പരസ്പരം പോരടിക്കുന്നത് ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള സാധ്യതയാണ് വയനാട്ടിൽ നിന്നും വീണ്ടും മത്സരിക്കുന്നതിൽ രാഹുലിനെ പിന്നോട്ട് അടിക്കുന്നത്. കേരളമാണോ ബിജെപിക്കെതിരായ പോരാട്ട ഭൂമി എന്ന് കഴിഞ്ഞ ദിവസം സിപിഐ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തെ പറയാതെ പറഞ്ഞു കൊണ്ട് കോൺഗ്രസിനെതിരെ ഒളിയമ്പെയ്തിരുന്നു