ഇടുക്കി : നിയമസഭയിൽ അവതരിപ്പിച്ച ഭൂനിയമ ഭേദഗതി ഫലപ്രദമാവണമെങ്കിൽ നിയമത്തിന് കൂടുതൽ ഭേദഗതി ആവശ്യമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ തൊടുപുഴയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി കൊണ്ട് ഭൂമി പതിവ് ചട്ടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിയന്ത്രണങ്ങൾ ഒഴിവാവുകയില്ല. ഭൂമി വീട് വയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ചട്ടങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ ഫലപ്രദമാവുകയുള്ളു.
ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി ഇതിനകം പട്ടയം ലഭിച്ചിട്ടുള്ള ഭൂമിക്ക് മാത്രമേ ബാധകമായവുകയുള്ളു. അതിനാൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതും ഭാവിയിൽ നൽകാനുള്ളതുമായ പട്ടയങ്ങളിൽ ഉൾപ്പെടുന്ന ഭൂമി വീട് വയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതിനും പട്ടയ വ്യവസ്ഥകൾ ലംഘിച്ച് ഇതിനോടകം നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ സ്വമേധയാ ക്രമവൽക്കരിക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
also read.. മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷാസമ്മേളനം കൂവപ്പടി അയ്മുറിയിൽ സംഘടിപ്പിക്കും
ഇടുക്കി ജില്ലയിലെ നിർമ്മാണം ഇപ്പോൾ നടക്കുന്നത് പട്ടയ വ്യവസ്ഥകൾ ലംഘിച്ച് ആണെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോട് കൂടിയും സർക്കാരിലേക്ക് നികുതി സ്വീകരിച്ചുമാണ് നടത്തിവരുന്നത്. . എന്നാൽ പുതിയ ചട്ടങ്ങൾ ഭാവിയിൽ കർശനമായി നടപ്പിലാക്കേണ്ടി വരുന്നതിനാൽ എല്ലാവിധത്തിലുള്ള നിർമാണങ്ങളും കർശനമായി നിരോധിക്കപ്പെടും. ഇതിനാൽ ഭൂമിയുടെ വില ഗണ്യമായി കുറയുകയും പുതിയ സംരംഭങ്ങളോ ടൂറിസം പദ്ധതികളോ പോലും നിരോധിക്കപ്പെടുകയും ചെയ്യും.
പട്ടയ ഭൂമിയിൽ കൃഷിയും ഭവന നിർമ്മാണവും മതിയെന്ന നിയമം ഭേദഗതി ചെയ്യാതെ ഉപാധിരഹിത പട്ടയം എന്ന സാക്ഷാത്കരിക്കപ്പെടുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ താൻ അവതരിപ്പിക്കുന്ന ഭേദഗതികളെ പിന്തുണക്കാൻ ഇടുക്കി ജില്ലയിലെ മറ്റ് എംഎൽഎമാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ ജോസഫ് ജോൺ, എം ജെ ജേക്കബ്, ജോസി ജേക്കബ്, എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം