×

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക് മാപ്പ് നൽകി; ഹംഗേറിയൻ പ്രസിഡന്‍റ് രാജിവച്ചു

google news
download (22)

ബുഡാപെസ്റ്റ്∙ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക് മാപ്പ് നൽകിയതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ  തുടർന്ന് ഹംഗേറിയൻ പ്രസിഡന്‍റ് കാറ്റലിൻ നൊവാക് രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കാറ്റലിൻ. പ്രസിഡന്‍റ്  രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന മുൻ നീതിന്യായ മന്ത്രി ജൂഡിറ്റ് വർഗ ഈ സംഭവത്തിന്‍റെ പേരിൽ താൻ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 


‘‘എനിക്ക് തെറ്റ് പറ്റി. ഞാൻ എന്‍റെ സ്ഥാനം രാജിവെക്കുകയാണ്. ഞാൻ വേദനിപ്പിച്ചവരോടും ഞാൻ അവരെ പിന്തുണച്ചില്ല എന്ന തോന്നൽ ഉണ്ടായേക്കാവുന്ന എല്ലാ ഇരകളോടും  ക്ഷമ ചോദിക്കുന്നു. കുട്ടികളേയും കുടുംബങ്ങളേയും സംരക്ഷിക്കുന്നതിന് അനുകൂലമായ നയമാണ് എനിക്കുള്ളത്. അത് തുടരും’’ – കാറ്റലിൻ നൊവാക് വ്യക്തമാക്കി.

ഹംഗേറിയൻ പ്രസിഡന്‍റ്  പദവിയിലെത്തുന്ന ആദ്യ വനിതായണ് നൊവാക്. ചിൽഡ്രൻസ് ഹോം മുൻ ഡപ്യൂട്ടി ഡയറക്ടർക്ക് മാപ്പ് നൽകിയതാണ് വിവാദമായത്. ചിൽഡ്രൻസ് ഹോമിൽ നടന്ന ലൈംഗിക ദുരുപയോഗം മറച്ചുവെക്കാൻ സഹായിച്ചതിന് ആരോപണവിധേയനാണ് മുൻ ഡപ്യൂട്ടി ഡയറക്ടർ. കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബുഡാപെസ്റ്റ് സന്ദർശനത്തിനിടെയായിരുന്നു തീരുമാനം.സ്വതന്ത്ര വാർത്താ സൈറ്റായ 444 കഴിഞ്ഞയാഴ്ച തീരുമാനം വെളിപ്പെടുത്തിയതോടെ, രാജ്യത്തെ പ്രതിപക്ഷം നൊവാക്കിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി രാജി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വെള്ളിയാഴ്ച ലോക വാട്ടർ പോളോ ചാംപ്യൻഷിപ്പിൽ കസാക്കിസ്ഥാനെതിരായ ഹംഗറിയുടെ മത്സരം കാണുന്നതിന് ഖത്തറിലായിരുന്ന നൊവാക് അതിവേഗം ബുഡാപെസ്റ്റിലേക്ക് മടങ്ങി. വിമാനം ഇറങ്ങിയ നൊവാക് പുറത്തുവരികയും രാജി പ്രഖ്യാപിക്കുകയും ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags