യുക്രെയ്നിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 2 വർഷം. 2022 ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രെയ്നെ ആക്രമിക്കുന്നത്. നിലവിൽ യുക്രെയ്നിന്റെ 20 ശതമാനം ഭാഗത്ത് റഷ്യ നിയന്ത്രണം നേടിയിരിക്കുകയാണ്. 2014ലെ ആക്രമണത്തിൽ പിടിച്ചെടുത്ത ഏഴ് ശതമാനം പ്രദേശത്തിന് പുറമെയാണിത്.
വാക്കുകളിലും ശരീരഭാഷയിലും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഇന്ന് തളർന്നിരിക്കുന്നു. യു.എസും പാശ്ചാത്യ സഖ്യ രാജ്യങ്ങളും നൽകിയ പിന്തുണയായിരുന്നു റഷ്യക്കെതിരെ പൊരുതാൻ യുക്രെയ്നിന്റെ ആത്മവിശ്വാസം. എന്നാൽ, പ്രതീക്ഷിച്ചപോലെ സംഭവിച്ചില്ല. ഇതിന്റെ നിരാശ പങ്കുവെക്കുന്ന സെലൻസ്കിയെയാണ് ഇപ്പോൾ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
മരണപ്പെട്ടവർ
യുഎൻ മനുഷ്യാവകാശ നിരീക്ഷണദൗത്യത്തിന്റെ കണക്കുകൾ പ്രകാരം യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാർ 10,582; പരുക്കേറ്റവർ 19,875. കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികർ 35,000.
ഈമാസം 14 വരെ റഷ്യൻ പക്ഷത്ത് 44,654 പേരുടെ മരണം സ്ഥിരീകരിച്ചതായി ബിബിസി ന്യൂസ് പറയുന്നു. മരണം 1.07 ലക്ഷം വരെയാകാമെന്നും അവർ പറയുന്നു. റഷ്യയ്ക്കുവേണ്ടി പൊരുതുന്ന കൂലിപ്പട്ടാളമായ വാഗ്നർ സേനയിലെ 20,000 പേർ കൊല്ലപ്പെട്ടതായി അവരുടെ തലവൻ യെവ്‌ഗനി പ്രിഗോഷിൻ 2023 മേയിൽ പറഞ്ഞിരുന്നു. റഷ്യൻ സേനയിൽ 1.20 ലക്ഷം പേർ കൊല്ലപ്പെട്ടതായും പ്രിഗോഷിൻ പറഞ്ഞിരുന്നു. 24 വിദേശരാജ്യങ്ങളിൽ നിന്നുള്ള 192 പേരും കൊല്ലപ്പെട്ടു കർണാടകയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി നവീനും ഇക്കൂട്ടത്തിലുണ്ട്.
60 ലക്ഷം അഭയാർഥികൾ
60 ലക്ഷം യുക്രെയ്ൻകാർ അഭയാർഥികളായി അയൽരാജ്യങ്ങളിലെത്തി. 80 ലക്ഷം പേർക്കു സ്വന്തം രാജ്യത്തുതന്നെ മറ്റിടങ്ങളിലേക്കു മാറേണ്ടിവന്നു. 4.38 കോടി വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നോളം പേർ . സ്വന്തം വീടുവിട്ടുപോയി. ഇവരിൽ 90% പേരും സ്ത്രീകളും കുട്ടികളും. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി; ചരിത്രത്തിലെ നാലാമത്തേതും.
സൈനിക മേധാവിയെ മാറ്റിയിട്ടും രക്ഷയില്ല
ഈ മാസം യുക്രെയ്ൻ സൈനിക മേധാവി സ്ഥാനത്തുനിന്ന് വലേറി സലൂൻയിയെ മാറ്റി ഒലെക്സാണ്ടർ സിർസ്കിയെ നിയമിച്ചു. പ്രതിരോധം പിഴക്കുന്നുവെന്ന വിലയിരുത്തലും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ നീരസവുമാണ് മാറ്റത്തിന് കാരണം. അതിന് ശേഷമാണ് തന്ത്രപ്രധാന നഗരമായ അവ്ദിവ്ക യുക്രെയ്ന് നഷ്ടമായത്.
തെരഞ്ഞെടുപ്പ് വർഷം
യുക്രെയ്നിലും റഷ്യയിലും പൊതുതെരഞ്ഞെടുപ്പ് വർഷമാണിത്. മാർച്ച് 17ന് നടക്കുന്ന റഷ്യൻ തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ വീണ്ടും പ്രസിഡന്റാകുമെന്നാണ് വിലയിരുത്തൽ. യുക്രെയ്നിൽ മാർച്ചിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒക്ടോബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണെങ്കിലും യുദ്ധപശ്ചാത്തലത്തിൽ വ്യക്തത വന്നിട്ടില്ല.
അഞ്ചുലക്ഷം സൈനികരെ കാത്ത്
സൈനിക ക്ഷാമം നേരിടുന്ന യുക്രെയ്ൻ അഞ്ചുലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണ്. നീക്കം വിജയിക്കുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒന്നര ലക്ഷം പേരെ കിട്ടിയാലായി. എന്നാണ് മാധ്യമങ്ങളും വിശകലന വിദഗ്ധരും പറയുന്നത്.
ഉപരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും വാഷിങ്ടൻ / ലണ്ടൻ
യുക്രെയ്ൻ അധിനിവേശം 2 വർഷം പിന്നിടുമ്പോൾ റഷ്യയ്ക്കെതിരെ യുഎസും ബ്രിട്ടനും ഉപരോധം കടുപ്പിച്ചു. അഞ്ഞൂറിലേറെ പുതിയ ഉപരോധങ്ങൾ കൂടി ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ആണവായുധ കമ്പനിക്കുമെതിരെ ഉപരോധമുണ്ട്. റഷ്യൻ ആയുധവ്യവസായത്തിനും മറ്റും സഹായം നൽകുന്ന 50 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ബ്രിട്ടനും ഉപരോധം പ്രഖ്യാപിച്ചു. ഉപരോധം നേരിട്ടവയിൽ ചൈനയിലെയും തുർക്കിയിലെയും കമ്പനികളുമുണ്ട്.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക